World

രോഗശാന്തിക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ച മെക്സിക്കന്‍ നടി മരിച്ചു

മെക്സിക്കൻ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്സിക്കൻ നടി രോഗശാന്തി ചടങ്ങിനിടെ  ‘കോംബോ’ എന്ന പാനീയം കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും ബാധിച്ച് മരിച്ചു.  33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് എന്ന നടിയാണ് പരമ്പരാഗത ചികിത്സയ്ക്കിടെ തവള വിഷം അടങ്ങിയ പാനീയം കുടിച്ച് ഈ ആഴ്ച ആദ്യം മരിച്ചത്. ശരീരത്തില്‍ അടങ്ങിയ വിഷവസ്തുക്കളെ പുറന്തള്ളാന്‍ തവള വിഷം അടങ്ങിയ പാനീയമായ കോംബോ കുടിക്കുന്നത് തെക്കേ അമേരിക്കൻ പരമ്പരാഗത ആചാരത്തിലെ ഒരു ചടങ്ങാണ്. ഈ ആചാരം മാരകമാണെന്ന് ഇതിന് മുമ്പ് തന്നെ അംഗീകരിപ്പെട്ടതാണെങ്കിലും ഇന്നും പ്രചാരത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഈ പരമ്പരാഗത ചടങ്ങിൽ പങ്കെടുക്കുന്നവർ ഒരു ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം. തുടർന്ന് അവരുടെ ചർമ്മത്തിൽ ചെറിയ പൊള്ളലുകൾ ഉണ്ടാക്കുകയും ഈ മുറിവുകളിൽ തവളയുടെ സ്രവം തേക്കുകയും ചെയ്യുന്നു. പിന്നാലെയാണ് തവളയുടെ വിഷം അടങ്ങിയ കോംബോ എന്ന പാനീയം കുടിക്കുന്നത്. ചില രാജ്യങ്ങളിൽ ഈ പാനീയം നിരോധിച്ചിട്ടുണ്ടെങ്കിലും, തദ്ദേശീയ സമൂഹങ്ങൾ വളരെക്കാലമായി ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ ഈ പാനീയം ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിന് മാരകമായ വിഷം അടങ്ങിയ തെക്കേ അമേരിക്കൻ തവളകളെയാണ് ചടങ്ങിന് ഉപയോഗിക്കുന്നത്.  പരമ്പരാഗത രോഗശാന്തി ചടങ്ങിനിടെ മാർസെല അൽകാസർ റോഡ്രിഗസ് കോംബോ കുടിച്ചതിന് പിന്നാലെ കടുത്ത വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങി. ഒരു സുഹൃത്ത് റോഡ്രിഗസിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ആദ്യം അത് നിരസിച്ചു. പിന്നീട് റെഡ് ക്രോസ് ആശുപത്രിയിൽ റോഡ്രിഗസിനെ എത്തിച്ചെങ്കിലും അവിടെ വച്ച് അവർ മരിക്കുകയായിരുന്നു. അതേസമയം ഡുറാങ്കോയിലെ മൊയോകോയാനിയിലെ റിട്രീറ്റില്‍ രോഗശാന്തി ശുശ്രൂഷ ചെയ്ത തദ്ദേശീയനായ മന്ത്രവാദി  റോഡ്രിഗസിന് പോകാൻ കഴിയില്ലെന്ന് അറിയിച്ചതായി മെട്രോ റിപ്പോർട്ട് ചെയ്തു. എന്നാൽ, റോഡ്രിഗസിന്‍റെ ആരോഗ്യനില വഷളായതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പോലീസ് ഇയാളെ തെരയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button