പാലും പനീറും സസ്യാഹാരമല്ല, മാംസാഹാരമെന്ന് ഡോക്ടർ, പോസ്റ്റിൽ വൻ ചർച്ച

പാലും പനീറും മാംസാഹാരമാണെന്നും സസ്യാഹാരമല്ലെന്നും ഡോക്ടർ. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇതേച്ചൊല്ലി ഉണ്ടായിരിക്കുന്നത്. വെജിറ്റേറിയനായ ആളുകൾ ഇതോടെ കടുത്ത വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. പാലും പനീറും മൃഗങ്ങളിൽ നിന്നുള്ളതാണ് എന്നും അതിനാൽ അത് സസ്യാഹാരമായി കണക്കാക്കാൻ കഴിയില്ല എന്നുമാണ് ഡോ. സിൽവിയ കർപ്പഗം അഭിപ്രായപ്പെട്ടത്. മറ്റൊരു ഡോക്ടർ പങ്കിട്ട ഭക്ഷണത്തിന്റെ ചിത്രത്തിലായിരുന്നു ഡോക്ടറുടെ പ്രതികരണം. വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ചിത്രമാണ് ഇവർ പങ്കുവച്ചത്. പനീർ, മൂംഗ് ദാൽ, കാരറ്റ്, കക്കിരി, ഉള്ളി എന്നിവ ചേർത്തുണ്ടാക്കിയ സാലഡ്, തേങ്ങ, വാൽനട്ട്, മധുരം ചേർക്കാത്ത ഒരു പാത്രം ഖീർ എന്നിവയായിരുന്നു പാത്രത്തിൽ ഉണ്ടായിരുന്നത്. ഇത് തന്റെ ഭർത്താവിന്റെ വെജിറ്റേറിയൻ മീലാണ്, പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ എന്നിവയടങ്ങിയതാണ് എന്നെഴുതിയ കാപ്ഷനോടൊപ്പമാണ് സുനിത സായമ്മഗാരു ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതിനോടുള്ള പ്രതികരണമായിട്ടാണ് പാലും പനീറും വെജിറ്റേറിയനായി കണക്കാക്കാനാവില്ല എന്ന് ഡോ. സുനിത അഭിപ്രായപ്പെട്ടത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്‌സിൻ്റെ വർക്കിംഗ് എഡിറ്ററാണ് ഡോ. സിൽവിയ കർപ്പഗം. ചിക്കനും ബീഫും മത്സ്യവും ഒക്കെ പോലെ തന്നെയാണ് പാലും പനീറും എന്നും ഡോ. സുനിത അഭിപ്രായപ്പെട്ടു. ഡോ. സുനിതയുടെ പോസ്റ്റ് അതോടെ വലിയ തരത്തിലുള്ള ചർച്ചകൾക്ക് വഴിവയ്ക്കുകയായിരുന്നു. പാലിന്റെ ഉത്പ്പന്നങ്ങളും പാലും സസ്യാഹാരം തന്നെയാണ് എന്നും അതെടുക്കുന്നതിന് വേണ്ടി മൃഗങ്ങളെ കൊല്ലേണ്ടി വരുന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടു.
അങ്ങനെയാണെങ്കിൽ മുട്ട എങ്ങനെയാണ് നോൺ വെജ് ആകുന്നത്. കോഴിയെ കൊല്ലുന്നുണ്ടോ എന്നായിരുന്നു ഡോ. സുനിതയുടെ മറുചോദ്യം. എന്തായാലും പോസ്റ്റിനെ ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്.
