പാകിസ്ഥാന് മനസിലാകാതെ പോയ മോദിയുടെ തന്ത്രം; ഇടത്തോട്ട് ഇൻഡിക്കേറ്റർ, അപ്രതീക്ഷിതമായ സമയത്ത് നീക്കം വലത്തേക്ക്!

ദില്ലി: ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട ശേഷം അപ്രതീക്ഷിതമായ സമയത്ത് വലത്തേക്ക് നീക്കം നടത്തുകയെന്ന തന്ത്രം, ഓപ്പറേഷൻ സിന്ദൂര്‍ ഇന്ത്യ വിജയകരമായി നടത്തിയപ്പോൾ ഒരിക്കല്‍ കൂടി വിജയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ തന്ത്രമാണ്. 2019ലെ ബാലാകോട്ട് ആക്രമണത്തിനും ഇതേ പാതയിലൂടെയാണ് മോദി സഞ്ചരിച്ചത്. ഒരിക്കൽ സംഭവിച്ചാൽ അത് ആകസ്മികം എന്ന് പറയാമെങ്കിലും രണ്ടാം തവണയും അത് തന്നെ സംഭവിക്കുമ്പോൾ അതിനെ തന്ത്രമെന്ന് തന്നെ വിശേഷിപ്പിക്കാം. ഇരു ആക്രമണങ്ങൾക്കും മുൻപുള്ള തയ്യാറെടുപ്പുകൾ തമ്മിലുള്ള സാമ്യതകൾ ഇതാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ബാലാകോട്ടിന് മുൻപുള്ള പെരുമാറ്റത്തിൽ നിന്ന് പഠിക്കാതിരുന്നതിൽ ഇപ്പോൾ പാകിസ്ഥാൻ സ്വയം കുറ്റപ്പെടുത്തുന്നുണ്ടാകാം. ബാലാകോട്ടിന് 48 മണിക്കൂർ മുമ്പ് ഫെബ്രുവരി 26ന് പുലർച്ചെയാണ് ഇന്ത്യ ബാലാകോട്ടിൽ പാകിസ്ഥാന് തിരിച്ചടി നൽകിയത്. എന്നാൽ പ്രധാനമന്ത്രി മോദി ഇതിന് മുൻപുള്ള 48 മണിക്കൂറും പതിവുപോലെ തന്നെ ജോലികളില്‍ മുഴുകി. ഫെബ്രുവരി 25ന് അദ്ദേഹം ദില്ലിയിൽ ദേശീയ യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെക്കുറിച്ച് സംസാരിച്ചെങ്കിലും പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ജിഹാദി അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. രാത്രി ഒമ്പത് മണിക്ക് ഇന്ത്യൻ വിമാനങ്ങൾ പറന്നുയരാൻ തയ്യാറായപ്പോൾ, പ്രധാനമന്ത്രി മോദി ദില്ലിയിൽ ഒരു മാധ്യമ ഗ്രൂപ്പ് സംഘടിപ്പിച്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയുടെ അഭിലാഷങ്ങൾ, വികസനം, തീവ്രവാദത്തിനെതിരായ ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മോദി അവിടെ സംസാരിച്ചു. അദ്ദേഹത്തിന്‍റെ മുഖത്ത് ഉത്കണ്ഠയുടെ ഒരു രേഖയോ സംശയത്തിന്‍റെ നിഴലോ പോലും ണ്ടായിരുന്നില്ല ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ ഇത്തവണയും പ്രധാനമന്ത്രി മോദിയുടെ യാത്രാപരിപാടികളും പെരുമാറ്റവും ബാലാകോട്ടിന് മുൻപുള്ള നീക്കങ്ങളുടെ തനിപ്പകർപ്പായിരുന്നു. ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, 2047ഓടെ സാമ്പത്തിക ഭീമനാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഒരു മാധ്യമ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. 30 മിനിറ്റ് നീണ്ട തന്‍റെ പ്രസംഗത്തിൽ, പ്രധാനമന്ത്രി ഒരു ഉത്കണ്ഠയുമില്ലാത്ത ശാന്തനായ മനുഷ്യനെപ്പോലെയാണ് പെരുമാറിയത് ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന അയൽക്കാരനെ വിമർശിക്കുന്നത് കേൾക്കാൻ സദസ്സ് ആഗ്രഹിച്ചെങ്കിലും, അദ്ദേഹം തമാശകൾ പറഞ്ഞ് സംസാരിച്ചു. എന്നാല്‍, പിന്നീട് ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗം വരാനിരിക്കുന്നതിന്‍റെ പരോക്ഷമായ സൂചനയായി കാണാം. പൊതു സമ്മർദ്ദത്തെ ഭയന്ന് നിർണായകമായ നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് കഴിയാത്തതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അങ്ങനെ എതിരാളിക്ക് ഒരു സൂചനയും നൽകാതെ ഇടത്തേക്ക് ഇൻഡിക്കേറ്റര്‍ സ്വിച്ച് ചെയ്ത ശേഷം വലത്തോട്ട് തിരിഞ്ഞ് ഒരിക്കല്‍ കൂടെ പാകിസ്ഥാന് ശക്തമായ മറുപടി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
