അമ്മേ ഞാൻ എന്നന്നേയ്ക്കുമായി ഉറങ്ങാൻ പോകുന്നു’; ഭാര്യ കേസ് കൊടുത്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

‘
ബറേലി: ഭാര്യയുടെ പരാതിക്ക് പിന്നാലെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ യുവാവ് ജീവനൊടുക്കി. ‘അമ്മേ, ഞാൻ എന്നന്നേക്കുമായി ഉറങ്ങാൻ പോകുന്നു’ എന്ന് പറഞ്ഞ ശേഷമാണ് തൂങ്ങിമരിച്ചത്. മരിച്ച ബറേലി സ്വദേശി രാജ് ആര്യയും ഭാര്യ സിമ്രാനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്നുള്ള മാനസിക സംഘർഷം കാരണമാണ് 28കാരൻ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. “നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകൾ” എന്ന് സിമ്രാൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകനുണ്ട്. കുറച്ചു ദിവസം മുൻപ് സിമ്രാൻ വഴക്കിട്ട് തന്‍റെ വീട്ടിലേക്ക് പോയിരുന്നു. രാജ് രണ്ട് ദിവസം മുൻപ് സിമ്രാനെ വിളിക്കാൻ ചെന്നപ്പോൾ ഒപ്പം വിടാൻ സിമ്രാന്‍റെ വീട്ടുകാർ തയ്യാറായില്ല. സിമ്രാന്‍റെ അച്ഛനും സഹോദരങ്ങളും രാജിനെയും അച്ഛനെയും ആക്രമിച്ചെന്ന് രാജിന്‍റെ സഹോദരി പറയുന്നു. രാജിനും കുടുംബത്തിനുമെതിരെ സിമ്രാന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് രാജിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രാജിനെ രാത്രി മുഴുവൻ കസ്റ്റഡിയിലെടുത്ത് പൊലീസ് മർദിച്ചെന്ന് കുടുംബം ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ സിമ്രാന്‍റെ സഹോദരനാണ് മർദനത്തിന് നേതൃത്വം നൽകിയതെന്നും കുടുംബം ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് അസ്വസ്ഥനും അപമാനിതനുമായാണ് രാജ് മടങ്ങിയതെന്ന് കുടുംബം പറയുന്നു. പിറ്റേന്ന് രാവിലെ എഴുന്നേൽപ്പിക്കാൻ ചെന്ന അമ്മയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിമ്രാന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഏറെ നേരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും രാജിന്‍റെ സഹോദരി ആരോപിച്ചു. രാജിന്‍റെ കുടുംബത്തിന്‍റെ പരാതി ലഭിച്ചാൽ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് സിഐ അജയ് കുമാർ പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
