
കൊച്ചി: വാട്സാപ് ഹാക്കിംഗിന് ഇരയായി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൊച്ചിയില്‍ വര്‍ദ്ധിച്ചു വരുന്നു. കൊച്ചി സിറ്റിയില്‍ മാത്രം 50 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റൂറല്‍ മേഖല കൂടി ഉള്‍പ്പെടുത്തിയാല്‍ എണ്ണം ഇരട്ടിയാകും. ഗായിക അമൃത സുരേഷിന് 45,000 രൂപ നഷ്ടപ്പെട്ട സംഭവവും ഇതില്‍ ഉള്‍പ്പെടുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ (എം.വി.ഡി.) പേരിലെത്തുന്ന സന്ദേശങ്ങളുടെ മറവിലാണ് കൂടുതലും ഹാക്കിംഗുകള് നടക്കുന്നത്. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ശേഷം പണം കൈക്കലാക്കുന്നതിനു പുറമെ, അക്കൗണ്ട് ഉടമയുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നുണ്ട്.
വാട്സാപ് അക്കൗണ്ടിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ തട്ടിയെടുത്ത് ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായേക്കാമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് തിരികെ ലഭിക്കാന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കൊച്ചിയില്‍, ഈ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ പൊലീസ് സജ്ജമാണ്. തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നല്കുന്നു.
എം.വി.ഡിയുടെ പിഴയടക്കാനുള്ള സന്ദേശമെന്ന് കരുതി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരാണ് സാധാരണയായി കുടുങ്ങുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു എ.പി.കെ ഫയല്‍ ഫോണില്‍ തനിയെ ഇന്‍സ്റ്റാള്‍ ആകും. ഇത് ഫോണിന്റെ സ്ക്രീന്‍ തട്ടിപ്പുകാര്‍ക്ക് കാണാവുന്ന രീതിയില്‍ കൈമാറുന്നതോടെ ഫോണ്‍ അവരുടെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും ഇതിലൂടെ അനായാസം കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ഒ.ടി.പി സന്ദേശങ്ങളും മറ്റും ഡിലീറ്റ് ചെയ്യുന്നതിനാല്‍ പണം നഷ്ടപ്പെട്ടുവെന്ന് ഉടന്‍ തിരിച്ചറിയാന്‍ സാധിക്കില്ല. പണം ആവശ്യപ്പെട്ട് പരിചിതര്‍ സന്ദേശം അയച്ചാലും നേരിട്ട് വിളിച്ച് ഉറപ്പുവരുത്താതെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ പണം കൈമാറുകയോ ചെയ്യരുതെന്ന് പൊലീസും മുന്നറിയിപ്പ് നല്കുന്നു.
ഇ.എം.ഐ. അടക്കാനാണെന്നും ഒരു മണിക്കൂറിനകം തിരിച്ചുനല്‍കാമെന്നും കാണിച്ച് ബന്ധുവിന്റെ വാട്സാപ്പില്‍നിന്ന് 45,000 രൂപ ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം വിശ്വസിച്ച് അമൃത പണം കൈമാറി. പിന്നാലെ 30,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ പണം കൈവശമില്ലാത്തതിനാല്‍ അമൃത അവരെ വീഡിയോ കോള്‍ ചെയ്തെങ്കിലും തട്ടിപ്പുകാര്‍ കോള്‍ കട്ട് ചെയ്തു. പിന്നീട് ഫോണില്‍ വിളിച്ചപ്പോഴാണ് വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടെന്നും പലരില്‍നിന്നായി തന്റെ പേരില്‍ പണം ആവശ്യപ്പെട്ടതായും അമൃത അറിഞ്ഞത്.
