എം എസ് ധോണി: അത്ഭുതങ്ങളുടെ 43 വയസുകാരന്‍, അവസാനിക്കാത്ത ഫിനിഷര്‍

ലക്‌നൗ: വിമര്‍ശകരുടെ വായടപ്പിക്കാന്‍ എം എസ് ധോണിക്ക് അധിക നേരമൊന്നും വേണ്ട. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആ 43-കാരന്‍റെ മികവിനെ ചൊല്ലി ചോദ്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് ‘തല’ തന്നെ മൈതാനത്ത് മറുപടി നല്‍കിയിരിക്കുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങി ധോണി താരമായി. ഫോമിനെ കുറിച്ച്, ഫിറ്റ്നസിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചവര്‍ക്ക്… ഇതാണ് കളിക്കളത്തിലെ പ്രകടനം മാത്രമാണ് എന്‍റെ കയ്യിലുള്ള മറുപടി എന്ന് ധോണി തെളിയിച്ചിരിക്കുന്നു. ക്രിക്കറ്റില്‍ എന്നല്ല, ഏതൊരു കായികയിനത്തിലും ഒരു 43 വയസുകാരന് ചെയ്യാനാവുന്നതിന് പരിമിതികളുണ്ട്. ഒരു ബാറ്ററെ സംബന്ധിച്ച് പ്രായം വളരെ പ്രധാനപ്പെട്ട ഘടകമാണ്. കണ്ണെത്തുമ്പോള്‍ കയ്യെത്തണം, കയ്യെത്തുമ്പോള്‍ കാലെത്തണം. അതിനാല്‍ തന്നെ എം എസ് ധോണിക്ക് ഐപിഎല്‍ പതിനെട്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി എന്ത് ചെയ്യാനാകും എന്ന ചോദ്യം സീസണിന്‍റെ തുടക്കം മുതലെ സജീവമായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളില്‍ എം എസ് ധോണിയുടെ മോശം പ്രകടനം ഈ സംശയം ശരിവെച്ചു. മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യ കളിയില്‍ ധോണി ബാറ്റിംഗിനിറങ്ങിയത് എട്ടാമനായി. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ധോണി ഒമ്പതാമതാണ് ഇറങ്ങിയത്. ഒമ്പതാമത് ഇറങ്ങി രണ്ട് വീശ് വീശാനാണേല്‍ ധോണിയെ എന്തിന് സിഎസ്‌കെ ചുമക്കുന്നു എന്ന ചോദ്യം വരെ ഉയര്‍ന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ ധോണി ബാറ്റിംഗിനിറങ്ങിയത് ഏഴാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളിലും ഫിനിഷറുടെ റോളിലേക്ക് ധോണിക്ക് ഉയരാനായില്ല. ധോണിയുടെ കാലം കഴിഞ്ഞെന്ന് അദേഹത്തിന്‍റെ ആരാധകര്‍ പോലും ഉറപ്പിച്ച ദിവസങ്ങള്‍. ധോണിയുടെ കാല്‍മുട്ടിലെ പരിക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ‘തല’ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തത്. Read more: 43-ാം വയസിലും പിഴയ്ക്കാത്ത ഉന്നം; അണ്ടര്‍ആം ത്രോ വഴി നോണ്‍സ്ട്രൈക്കറെ റണ്ണൗട്ടാക്കി ധോണി മാജിക് റുതുരാജ് ഗെയ്‌ക്‌വാദ് പരിക്കേറ്റ് പുറത്തായതോടെ വീണ്ടും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനായി. വീണ്ടും നായകനായപ്പോള്‍ ധോണി പഴയ ‘തല’യായി അവതരിച്ചു. മുന്നില്‍ നിന്ന് നയിച്ച് ധോണി ടീമിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു. സിഎസ്‌കെയുടെ അഞ്ച് തുടര്‍ തോല്‍വികളുടെ കുത്തൊഴുക്കിന് വിരാമമിട്ടിരിക്കുന്നു. ധോണി ഐപിഎല്‍ സീസണില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വിജയശില്‍പിയായി. ലക്നൗവിന്‍റെ 166 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയെ ധോണി മൂന്ന് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റിന് ജയിപ്പിച്ചു. തന്‍റെ ഫിനിഷിംഗ് എവിടെയും പോയിപോയിട്ടില്ല എന്ന് ആട്ടിയുറപ്പിച്ചുള്ള ഇന്നിംഗ്സ്. ധോണി 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 26* നോട്ടൗട്ട്. മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് 236.36. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ എം എസ് ധോണി കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കൗതുകകരമായ മറ്റൊരു വസ്‌തുത കൂടിയുണ്ട്. ഐപിഎല്ലില്‍ കൃത്യം 2206 ദിവസങ്ങൾക്ക് ശേഷമാണ് ധോണിയുടെ കൈകളിലേക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം എത്തുന്നത്. 2019 മാർച്ച് 31ന് രാജസ്ഥാൻ റോയൽസിനെതിരെ 75 റണ്‍സ് നേടിയപ്പോഴായിരുന്നു ധോണി ഇതിന് മുമ്പ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. ഐപിഎല്ലിൽ ധോണിയുടെ 18-ാമത്തെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡാണ് ലക്നൗവിനെതിരെ ആരാധകര്‍ കണ്ടത്. ലക്നൗവിനെതിരെ വിക്കറ്റിന് പിന്നിലും ധോണി മിന്നി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് ധോണി വക ആദ്യ ഇംപാക്ട്. ഒപ്പം ഐപിഎല്ലില്‍ 200 ഡിസ്‌മിസലുകള്‍ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡും. പിന്നാലെ അബ്‌ദുള്‍ സമദിനെ നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്ക് അണ്ടര്‍ആം ത്രോ എറിഞ്ഞ് അവിശ്വസനീയ പുറത്താക്കല്‍, തൊട്ടടുത്ത പന്തില്‍ റിഷഭ് പന്തിനെ പുറത്താക്കാനെടുത്ത ക്യാച്ച്. 11 പന്തുകളില്‍ പുറത്താവാതെ 26 റണ്‍സ്, ഒരു ക്യാച്ച്, ഒരു സ്റ്റംപിംഗ്, ഒരു റണ്ണൗട്ട്, ഒടുവില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം. അതേ, ആ 43-കാരന്‍ അത്ഭുതമാണ്.
