
ന്യൂഡൽഹി: നന്മക്കായി വ്രതമെടുത്തതിന് പിന്നാലെ ഭർത്താവിനെ വിഷം നൽകി കൊന്ന് യുവതി. യു.പിയിലാണ് സംഭവമുണ്ടായത്. കാർവ ചൗത്ത് ആഘോഷത്തിനിടെയായിരുന്നു സംഭവം. ഭർത്താവിനായി വ്രതമെടുത്തതിന് പിന്നാലെ യുവതി വിഷം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൗസുംബി ജില്ലയിലെ കാഡ ധാം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ശൈലേഷ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സവിതയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മറ്റൊരു യുവതിയുമായി ഭർത്താവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. ഞായറാഴ്ച ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി സവിത പ്രാർഥന നടത്തി. ഭർത്താവും സവിതക്ക് വേണ്ടി പൂജക്കുള്ള ഒരുക്കങ്ങൾ നടത്തി. നിരാഹാര വ്രതത്തിന് ശേഷം സവിതയും ഭർത്താവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ഇരുവരും തമ്മിലുള്ള തർക്കം ഇവർ തന്നെ പരിഹരിക്കുകയും ചെയ്തു. എന്നാൽ, ഭക്ഷണത്തിന് ശേഷം സവിത വീടുവിട്ട് പോവുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശൈലേഷിന്റെ സഹോദരനാണ് ഇയാൾ അവശനിലയിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ശൈലേഷ് കുമാർ മരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സവിതയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സവിതയും ശൈലേഷും തമ്മിൽ തർക്കമുണ്ടായതിന് ശേഷമാണ് ഇവർ ഭർത്താവിനുള്ള ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് കൗശാംഭി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. ചികിത്സക്കിടെയാണ് ശൈലേഷ് കുമാർ മരിച്ചത്. ഭാര്യക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
