Kerala

നിലമ്പൂരിന്റെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവ്; സഞ്ചാരികളെ ആക‍ർഷിക്കാൻ ഗ്രാമവിഹാർ പദ്ധതി

ചരിത്രമുറങ്ങുന്ന നിലമ്പൂരിന്റെ വികസനത്തിനായി ടൂറിസം മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നബാർഡ് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്‌മെൻ്റ്) ന്റെ നേതൃത്വത്തിൽ ഹാറ്റ്‌സുമായി (ഹോംസ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി) ചേർന്ന് ‘ഗ്രാമവിഹാർ’ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമ്പൂരിലെ ഹോംസ്റ്റേകളെ ശാക്തീകരിച്ച് കൂടുതൽ വരുമാനം ലഭ്യമാക്കുന്ന രീതിയിൽ സഞ്ചാരികളെ നിലമ്പൂരിലേക്ക് ആകർഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. നാടിന്റെ തനതു പാരമ്പര്യ കലാരൂപങ്ങൾ, ഭക്ഷണ രീതികൾ, കൃഷി, തൊഴിൽ രീതികൾ, ആദിവാസി സംസ്‌കാരം എന്നിവയെല്ലാം സമന്വയിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുന്നതിന് പരിശീലന – പരസ്യ പരിപാടികൾ ആവിഷ്‌കരിക്കും. സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ടൂറിസത്തെ ഡിസൈൻ ചെയ്താണ് നേട്ടങ്ങളുണ്ടാക്കുക. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ടൂർ ഗൈഡുകൾ എന്നിവർക്ക് മാത്രമല്ല, സാധാരണക്കാരായ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധത്തിൽ ടൂർ പാക്കേജുകൾ ഒരുക്കും. ഇത്തരം പാക്കേജുകൾ നിലമ്പൂർ ടൂറിസത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ.   പദ്ധതി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ സംരംഭകർക്കായി പ്രത്യേക പരിശീല പരിപാടികൾ സംഘടിപ്പിക്കും.  പരിശീലനത്തിലൂടെ സംരംഭകർക്ക് കൂടുതൽ അതിഥികളെ കണ്ടെത്താനും വരുമാനം വർധിപ്പിക്കാനും കഴിയും. ടൂറിസത്തിന്റെ പ്രയോജനങ്ങൾ കൂടുതൽ മേഖലകളിലേക്കും, ആളുകളിലേക്കും എത്തിക്കാനും ഈ പദ്ധതി വഴി കഴിയും. ലോക ടൂറിസം ഭൂപടത്തിൽ നിലമ്പൂരിന് പ്രത്യേക സ്ഥാനം ലഭിക്കുന്നതിനുള്ള ശ്രമം കൂടിയാണിത്.  നബാർഡ്‌ന്റെ സാമ്പത്തിക പിന്തുണയോടെ കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. നിലമ്പൂർ ടൂറിസം ഓർഗനൈസേഷനും, ജെഎസ്എസ് – മലപ്പുറം, അമൽ കോളേജ് – നിലമ്പൂർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. നിലമ്പൂർ മേഖലയിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾ, ടൂറിസവുമായി ബന്ധപ്പെട്ട മറ്റു സംരംഭങ്ങൾ എന്നിവ പദ്ധതിയിൽ രജിസ്റ്റർ ചെയ്താൽ സാങ്കേതിക വിപണന പിന്തുണ നൽകും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button