
വാഷിംഗ്‌ടണ്‍: ഐഫോണുകളെ ലക്ഷ്യം വച്ചുള്ള പുതിയ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് അടിയന്തര മുന്നറിയിപ്പ്. നിങ്ങളുടെ ആപ്പിൾ ഐഡി ഉപയോഗിച്ച് അനധികൃത വാങ്ങലുകള്‍ (പര്‍ച്ചേസ്) നടത്തിയെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾ തട്ടിപ്പുകാർ അയയ്ക്കുന്നുവെന്നും ഇത്തരം സന്ദേശങ്ങളില്‍ ഒരു ഫോൺ നമ്പർ ഉൾപ്പെടുന്നുവെന്നും മാക് ഒബ്സർവറിന്‍റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. “ആപ്പിൾ അപ്രൂവൽ നോട്ടീസ്: നിങ്ങളുടെ 143.95 ഡോളറിന്‍റെ പര്‍ച്ചേസ് അംഗീകരിച്ചു” എന്ന് പറയുന്ന ഒരു ടെക്സ്റ്റ് നിങ്ങൾക്ക് എപ്പോഴെങ്കിലും ലഭിച്ചാൽ പരിഭ്രാന്തരാകരുത്. സന്ദേശത്തിലെ നമ്പറിലേക്ക് വിളിക്കുകയുമരുത്. ഇത് പ്രധാനമായും ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ തട്ടിപ്പാണ് എന്നും മാക് ഒബ്സർവറിന്‍റെ റിപ്പോർട്ടിനെ ഉദ്ദരിച്ച് മണി കണ്ട്രോൾ റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പ് ഇങ്ങനെ നിങ്ങളുടെ ആപ്പിൾ ഐഡി ഉപയോഗിച്ച് പര്‍ച്ചേസ് നടത്തിയെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾ അയക്കുന്നതിലാണ് തട്ടിപ്പിന്‍റെ ആരംഭം. സന്ദേശത്തില്‍ ഒരു ഫോൺ നമ്പർ ഉൾപ്പെടുത്തിയുണ്ടാകും. ഉപഭോക്താവിന് ആപ്പിളിനെ ബന്ധപ്പെടാന്‍ നൽകിയിരിക്കുന്നതാണ് ഈ നമ്പറെന്ന് തോന്നും. എന്നാൽ ആ നമ്പറിലേക്ക് നിങ്ങൾ വിളിച്ചാൽ, നിങ്ങളുടെ ആപ്പിൾ ഐഡി ലോഗിൻ, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ അല്ലെങ്കിൽ ബാങ്കിംഗ് പാസ്‌വേഡുകൾ പോലും ചോരും. കാരണം ഫോണില്‍ വിളിച്ചാല്‍ ഇത്തരം സെൻസിറ്റീവ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന തട്ടിപ്പുകാരുമായിട്ടായിരിക്കും നിങ്ങൾക്ക് സംസാരിക്കേണ്ടിവരിക. മറ്റൊരു വ്യാജ സന്ദേശം ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന മറ്റൊരു തട്ടിപ്പ് സന്ദേശം ഇങ്ങനെയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു: “ആപ്പിളിന്‍റെ അറിയിപ്പ്: നിങ്ങളുടെ ആപ്പിള്‍ ഐക്ലൗഡ‍് ഐഡി ‘ആപ്പിൾ സ്റ്റോറിൽ 143.95 ഡോളറിന് ഉപയോഗിച്ചു. ആപ്പിൾ പേ പ്രീ ഓതറൈസേഷൻ വഴി പണമടച്ചു. സംശയാസ്പദമായ സൈൻ-ഇൻ, ആപ്പിൾ പേ ആക്ടിവേഷൻ അഭ്യർത്ഥനകളും ഞങ്ങൾ കണ്ടെത്തി. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കാൻ, ഞങ്ങൾ ഈ അഭ്യർത്ഥനകൾ ഹോൾഡ് ചെയ്തിരിക്കുന്നു. ഇത് നിങ്ങളല്ലെങ്കിൽ, ഓട്ടോ-ഡെബിറ്റ് നിരക്കുകൾ തടയാൻ ഉടൻ തന്നെ ഒരു ആപ്പിൾ പ്രതിനിധിയെ ബന്ധപ്പെടുക. റദ്ദാക്കാൻ ഇപ്പോൾ വിളിക്കുക.” സന്ദേശങ്ങളില്‍ നൽകിയിരിക്കുന്ന ഫോൺ നമ്പറിലേക്ക് നിങ്ങള്‍ വിളിച്ചാൽ ആ നമ്പർ വ്യാജ ആപ്പിൾ സപ്പോർട്ട് ഏജന്‍റിലേക്ക് കണക്ടാകും. അവർ നിങ്ങളെ കബളിപ്പിച്ച് സെൻസിറ്റീവും വ്യക്തിഗതവുമായ വിവരങ്ങൾ നേടാൻ ശ്രമിക്കും. ചിലപ്പോൾ നിങ്ങളുടെ ഫോൺ വിദൂരമായി ആക്‌സസ് ചെയ്യാൻ പാകത്തിൽ അവർ സെറ്റ് ചെയ്യും. ഈ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താനോ, നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്‍ടിക്കാനോ, അല്ലെങ്കിൽ നിങ്ങളുടെ പേരിൽ വായ്പകൾ എടുക്കാനോ കഴിയുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതുപോലുള്ള ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, അയച്ചയാളുമായുള്ള ആശയവിനിമയം ഒഴിവാക്കണമെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു.
