തിരുവനന്തപുരം: ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങൾ ക്ലാസ്മുറികളിൽ മറ്റ് കുട്ടികളുടെ സാന്നിധ്യത്തിൽ അധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്. ഇപ്പോൾ എല്ലാ രക്ഷിതാക്കൾക്കും മൊബൈൽ ഫോൺ ഉണ്ട്. അവരോട് നേരിട്ട് വേണം ഇത്തരം കാര്യങ്ങൾ ഉന്നയിക്കാൻ.
അതേസമയം, സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുപ്പ് പൂർത്തിയായതായി മന്ത്രി അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് 827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലെ അടുത്ത ഘട്ട നടപടികൾ ഉടനെന്നും മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.