
നിരന്തരം യാത്രകൾ ചെയ്യുന്നവരാണ് നമ്മൾ ഓരോരുത്തരും. ട്രെയിൻ യാത്രകൾ ചെയ്യുന്നവരാണെങ്കിൽ തത്ക്കാൽ ടിക്കറ്റുകൾ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിരിക്കും. എന്നാൽ, പലപ്പോഴും തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നോക്കിയാലും ലഭിക്കണമെന്നില്ല. എന്നാൽ ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാൽ തത്കാൽ ടിക്കറ്റ് നമ്മുടെ കൈയിൽ ഇരിക്കും. ഐആർസിടിസിയുടെ റെയിൽ കണക്‌ട് എന്ന ആപ്പ് ആണ് തത്ക്കാൽ ബുക്ക് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്. തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റിൽ പേരും തീയതിയും മാറ്റാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- വേഗതയേറിയ നെറ്റ് വർക്ക്
ഏറ്റവും പ്രധാനപ്പെട്ടത് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയം അറിഞ്ഞിരിക്കുക എന്നതാണ്. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ പത്തു മണിക്ക് എസി ക്ലാസിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. 11 മണിക്കാണ് സ്ലീപ്പർ ക്ലാസിലേക്കുള്ള തത്ക്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്. കൂടാതെ, തത്ക്കാൽ ടിക്കറ്റുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് ബുക്ക് ചെയ്യേണ്ടതാണ്. അതുകൊണ്ടു തന്നെ വേഗതയേറിയ നെറ്റ് വർക്ക് സംവിധാനം ഇതിന് വളരെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഹൈസ്‌പീഡ് ഇൻ്റർനെറ്റ് ഉപയോഗിക്കുന്നത് വളരെ സഹായകരമാണ്.
•കാര്യങ്ങൾ സെറ്റ് ചെയ്യാം
തത്ക്കാൽ ബുക്ക് ചെയ്യാൻ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് എങ്കിലും ഐആർസിടിസിയുടെ ആപ്പിൽ ചില കാര്യങ്ങൾ സെറ്റ് ചെയ്തു വയ്ക്കണം. അതിൽ ഒന്നാമത്തേതാണ് യാത്രക്കാരുടെ വിവരങ്ങൾ. ആപ്പ് ഓപ്പൺ ചെയ്‌ത് അക്കൗണ്ട് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അതിൽ മൈ മാസ്‌റ്റർ ലിസ്‌റ്റ് എന്നു കാണാം. മാസ്‌റ്റർ ലിസ്റ്റിൽ ആഡ് പാസഞ്ചർ ക്ലിക്ക് ചെയ്ത് തത്ക്കാൽ ആർക്കാണോ ബുക്ക് ചെയ്യേണ്ടത് അവരുടെ പേരുവിവരങ്ങൾ നൽകുക. ഇങ്ങനെ ചെയ്തു വച്ചാൽ തത്ക്കാൽ ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരത്തെ ചേർത്തു വച്ചിരിക്കുന്ന യാത്രക്കാരുടെ പേരുവിവരങ്ങൾ ലഭിക്കും. അത് ടിക്ക് ചെയ്‌താൽ യാത്രക്കാരുടെ പട്ടികയിലേക്ക് ആഡ് ആയിക്കൊള്ളും. പിന്നെയുള്ള ഒരു കാര്യം, നോൺ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ മാസ്‌റ്റർ ലിസ്‌റ്റ് ആഡ് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ്. എന്നാൽ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മാസ്‌റ്റർ ലിസ്‌റ്റ് ഉപയോഗിക്കാൻ പറ്റും.
ഐആർസിടിസി ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സമയം പോകുന്ന അടുത്ത ഘട്ടമാണ് പണം അടയ്ക്കുന്നത്. ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി ബുക്ക് ചെയ്യാൻ നോക്കിയാൽ സമയമെടുത്തേത്തും. നെറ്റ് ബാങ്കിങ് ചെയ്യുമ്പോൾ ഒടിപി സമയത്ത് വന്നില്ലെങ്കിൽ പണി പാളും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തിൽ പണം അടയ്ക്കാൻ കഴിയുന്നത് ഐആർസിടിസിയുടെ വാലറ്റ് (വൺ ക്ലിക്ക് പേയ്മെൻ്റ) എന്നതിൽ ക്ലിക്ക് ചെയ്തു കൊണ്ടായിരിക്കും. ഐആർസിടിസിയുടെ ഇ – വാലറ്റ് ആണിത്. ഒറ്റ ക്ലിക്കിൽ പേയ്മെൻ്റ് നടക്കും. ഐആർസിടിസി അതിനെ പിന്തുണയ്ക്കുന്നുമുണ്ട്. അതുകൊണ്ടു തത്ക്കാൽ ടിക്കറ്റിന് എത്ര തുകയാകുമോ അതിനുള്ള പണം ഈ വാലറ്റിൽ ഫണ്ട് ചേർക്കുക
•പോകേണ്ട ട്രെയിൻ തിരയുക
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുൻപായി രണ്ട് തവണയെങ്കിലും ഐആർസിടിസിയുടെ ആപ്പ് തുറന്ന് നമുക്ക് പോകേണ്ട സ്ഥലം തിരഞ്ഞു നോക്കുക. അങ്ങനെ ചെയ്താൽ തത്ക്കാൽ ബുക്ക് ചെയ്യാനായി നമ്മൾ ആപ്പ് തുറക്കുന്ന സമയത്ത് നമുക്ക് തിരയേണ്ട സ്‌ഥലങ്ങൾ അവിടെ കാണും. അപ്പോൾ തത്ക്കാൽ തിരഞ്ഞെടുത്ത് സെർച്ച് ബട്ടൺ അമർത്തി മുന്നോട്ട് പോകാവുന്നതാണ്.
- ലോഗിൻ ചെയ്യേണ്ടത് എപ്പോൾ
തത്ക്കാൽ ബുക്ക് ചെയ്യാനായി ഐആർസിടിസി ആപ്പ് നേരത്തെ ലോഗിൻ ചെയ്തു വച്ചതു കൊണ്ട് ഒരു ഗുണവുമില്ല. കൃത്യം 11 മണിക്ക് ഒരു മിനിറ്റിൽ കൂടുതൽ സമയമായി ഓപ്പൺ ആയിരിക്കുന്ന എല്ലാ അക്കൗണ്ടുകളും ലോഗ് ഔട്ട് ആകും. വീണ്ടും ലോഗിൻ ചെയ്യണം. അതുകൊണ്ട് ആവശ്യത്തിനുള്ള ക്രമീകരണം ചെയ്തു വച്ചതിനു ശേഷം കൃത്യം 11 മണിക്ക് ലോഗിൻ ചെയ്യുന്നത് ആയിരിക്കും നല്ലത്.
ആപ്പ് ലോഗിൻ ചെയ്‌താലും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയങ്ങളിൽ ഇടയ്ക്ക് രണ്ടിടങ്ങളിൽ കാപ്‌ച വരുന്നുണ്ട്. അത് കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കുക. അത് ഒഴിവാക്കാൻ പ്രത്യേകിച്ച് മാർഗങ്ങളൊന്നുമില്ല.
