Entertaiment

തിയറ്ററില്‍ ഹിറ്റടിച്ച് സ്ട്രീമിംഗിന്; ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ നിന്ന് ഈ വര്‍ഷമെത്തിയ അപൂര്‍വ്വം ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വ്യത്യസ്തമായ പൊലീസ് കഥകളിലൂടെ പ്രേക്ഷകരെ മുന്‍പും അമ്പരപ്പിച്ചിട്ടുള്ള ഷാഹി കബീര്‍ തിരക്കഥ രചിച്ച ചിത്രമാണിത്. നവാഗതനായ ജിത്തു അഷ്റഫ് ആണ് സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത് ഫെബ്രുവരി 20 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാനാവും. മാര്‍ച്ച് 20 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. ഹരിശങ്കര്‍ എന്ന ചൂടന്‍ പൊലീസ് ഓഫീസര്‍ ആയാണ് ചാക്കോച്ചന്‍ സ്ക്രീനില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈ ചിത്രത്തിലെ അഭിനയം വിലയിരുത്തപ്പെട്ടത്. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാര്യര്‍, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ്  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ആളാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ജിത്തു അഷ്‌റഫ്‌. തിയറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button