ശ്ശെടാ! ലൂയിസ് ഫിലിപ്പ് ഷോപ്പിൽ ഓടിക്കയറി പുള്ളിമാൻ, ട്രയൽ റൂമിൽ തന്നെ നിൽപ്പ്; ഒടുവിൽ വലയിട്ട് പിടിച്ചു

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരിയിലെ ലൂയിസ് ഫിലിപ്പ് ബ്രാൻഡഡ് വസ്ത്ര വ്യാപാര കേന്ദ്രത്തിലേക്ക് ഓടിക്കയറിയ പുള്ളിമാൻ നാട്ടുകാർക്ക് കൗതുകമായി. ദൊട്ടപ്പൻകുളത്തെ ഷോപ്പിലേക്കാണ് പുള്ളിമാൻ ഓടിക്കയറിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം. തെരുവുനായ്ക്കൾ ഓടിച്ചുകൊണ്ടുവരുന്നതിനിടെ പുള്ളിമാൻ രക്ഷക്കായി കടക്ക് ഉള്ളിലേക്ക് കയറുകയായിരുന്നു. ഇതിനുനേരെ എതിർവശത്ത് അൽപം മാറിയാണ് കാടുള്ളത്. കൂടാതെ ബീനാച്ചി എസ്റ്റേറ്റും അൽപം മാറിയാണ്. ഇവിടുന്നാകാം പുള്ളിമാൻ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഷോപ്പിനുള്ളിൽ കയറിയ പുള്ളിമാൻ ട്രയൽഎടുക്കുന്ന റൂമിൽ കയറി നിൽക്കുകയായിരുന്നു. തുടർന്ന് ഷോപ്പിലുണ്ടായിരുന്നവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് എത്തി വലയിട്ട് പിടിച്ച് പുള്ളിമാനെ കൊണ്ടുപോവുകയായിരുന്നു. പുള്ളിമാൻ കടയിൽ കയറിയത് കാണാൻ നിരവധി ആളുകളും കടയിലേക്ക് എത്തിയിരുന്നു.
