NationalSpot light

ഉത്തർ പ്രദേശിൽ എണ്ണ ശേഖരം കണ്ടെത്തി; പുതിയ സൗദി ആകുമോ?

ലഖ്‌നൗ: ലോകത്ത് ഏറ്റവും കൂടുല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദിയുടെ പ്രധാന വരുമാന മാര്‍ഗവും എണ്ണയാണ്. സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ ചൈനയും അമേരിക്കയും ഇന്ത്യയുമാണ്. ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പണം വിദേശത്തേക്ക് പോകാനുള്ള മുഖ്യ കാരണവും എണ്ണ ഇറക്കുമതിയാണ്.

കൂടുതല്‍ കാലം വിദേശത്തെ എണ്ണയെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. ആഭ്യന്തരമായ എണ്ണ ഉല്‍പ്പാദന സാഹചര്യം പരിശോധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ കൊല്ലം തീരത്തുള്‍പ്പെടെ എണ്ണ പര്യവേക്ഷണം നടന്നുവരികയാണ്. ഇതിനിടെയാണ് യുപിയില്‍ എണ്ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത…

ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിലാണ് ക്രൂഡ് ഓയില്‍ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. പൊതുമേഖലാ കമ്പനിയായ ഒഎന്‍ജിസിയാണ് ഇപ്പോള്‍ പര്യവേക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. എത്രത്തോളം എണ്ണയുണ്ട്, ഖനനത്തിന്റെ സാധ്യതകള്‍ എന്നിവയാണ് കമ്പനി പരിശോധിക്കുന്നത്. ഇതിന്റെ കൃത്യമായ അളവ് കൂടി ലഭിച്ചാല്‍ ഖനനം ലാഭകരമാകുമോ എന്ന് പറയാന്‍ സാധിക്കും.

ബല്ലിയയിലെ സ്വാതന്ത്ര സമര സേനാനിയാണ് ചിട്ടു പാണ്ഡെ. ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്രൂഡ് ഓയില്‍ നിക്ഷേപമുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഗംഗ നദീ തീരത്തോട് ചേര്‍ന്ന് മൂന്ന് മാസമായി നടത്തിവന്ന സര്‍വ്വെയിലാണ് എണ്ണ ഉണ്ട് എന്ന് ഉറപ്പിച്ചത്. ഇനി എത്ര അളവില്‍ ഉണ്ടെന്ന് വ്യക്തമാകണം. ഭൂമിക്കടിയില്‍ 3000 മീറ്റര്‍ താഴെയാണ് എണ്ണയുള്ളതത്രെ.

ഓരോ വര്‍ഷവും 10 ലക്ഷം രൂപ

പാണ്ഡെയുടെ കുടുംബത്തില്‍ നിന്ന് ആറര ഏക്കല്‍ സ്ഥലം മൂന്ന് വര്‍ഷത്തേക്ക് ഒഎന്‍ജിസി പാട്ടത്തിന് എടുത്തിരിക്കുകയാണ്. ഓരോ വര്‍ഷവും പത്ത് ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിന്‍മേലാണിത്. എണ്ണ ഉണ്ടെന്ന് ഒഎന്‍ജിസി സ്ഥിരീകരിച്ചിട്ടുണ്ട്. 3001 മീറ്ററില്‍ കുഴിച്ചെടുത്ത് പരിശോധന നടത്തിയാണ് തുടര്‍ നടപടികള്‍ തീരുമാനിക്കുക. ഓരോ ദിവസവും 25000 ലിറ്റര്‍ വെള്ളമാണ് കുഴിച്ചെടുക്കല്‍ വേഗത്തിലാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത്.

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. ഇറാഖിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ശേഷം യുഎഇയും അമേരിക്കയും അംഗോളയുമുണ്ട്. ഈ രാജ്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കാന്‍ ആലോചിക്കുകയാണ് ഇന്ത്യ. ആഫ്രിക്കയിലെ നൈജീരിയ, ലാറ്റിനമേരിക്കയിലെ ഗയാന, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളെയെല്ലാം ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്.

യുപിയില്‍ കണ്ടെത്തിയ പോലെ ഗംഗ നദീ തീരത്ത് പലയിടത്തും എണ്ണയുണ്ട് എന്നാണ് കരുതുന്നത്. പുതിയ കണ്ടെത്തല്‍ മേഖലയിലെ കര്‍ഷകര്‍ക്ക് നേട്ടമാകുമോ തിരിച്ചടിയാകുമോ എന്ന് അറിയാന്‍ കാത്തിരിക്കണം. ചിട്ടു പാണ്ഡെയുടെ അനന്തരവന്‍ നീല്‍ പാണ്ഡെയുമായിട്ടാണ് ഒഎന്‍ജിസി നിലവില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 10 ലക്ഷം രൂപ പ്രതിവര്‍ഷം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തേക്ക് കൂടി ഒഎന്‍ജിസി കരാര്‍ നീട്ടിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

300 കിലോമീറ്റര്‍ ഭൂമി

എണ്ണ ഖനനത്തിനുള്ള സാധ്യത ഉറപ്പിച്ചാല്‍ സമീപ പ്രദേശങ്ങളും ഒഎന്‍ജിസി ഏറ്റെടുത്തേക്കും. ഉയര്‍ന്ന വില നല്‍കിയാകും ഏറ്റെടുക്കല്‍ എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാല്‍ കൃഷി ഭൂമി നഷ്ടമാകുമോ എന്ന ആശങ്കയുള്ളവരുമുണ്ട്. 300 കിലോമീറ്റര്‍ ചുറ്റളവിലാകും എണ്ണയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടി വരിക. പ്രയാഗ്‌രാജിലെ ഫഫമാവു മുതല്‍ ബല്ലിയയിലെ സാഗര്‍പാലി ഗ്രാമം വരെയാകും ഏറ്റെടുക്കുക.

ഇന്ത്യയില്‍ 587 ദശലക്ഷം മെട്രിക് ടണ്‍ എണ്ണയുണ്ടെന്നാണ് കരുതുന്നത്. പടിഞ്ഞാറന്‍ തീര മേഖലയിലാണ് കൂടുതല്‍. അസമിലും ഗുജറാത്തിലുമാണ് ബാക്കി. കൂടാതെ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ മറ്റു പല മേഖലയിലും എണ്ണ ശേഖരമുണ്ട് എന്ന സംശയം ബാക്കിയാണ്. യുപിയില്‍ എണ്ണ ഖനനം സാധ്യമായാല്‍ മേഖല മറ്റൊരു സൗദി അറേബ്യയായി മാറുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button