നാല് മണിക്കൂർ വിമാനത്തിൽ, സീറ്റിൽ നിന്ന് എഴുന്നേറ്റയാൾ ഉറങ്ങിക്കിടന്ന സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചു
സാന്‍ഫ്രാന്‍സിസ്കോ: വിമാനത്തിനുള്ളില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍ എപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രക്കാരന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ്. സഹയാത്രക്കാരന്‍റെ ദേഹത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ചാണ് ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് 189 വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫിലിപ്പീന്‍സിലെ മനിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. നാല് മണിക്കൂറോളം വിമാനത്തിലിരുന്ന ഇയാള്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുകയും ബിസിനസ് ക്ലാസില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജെറോം ഗുട്ടിറെസ് എന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു. യാത്രക്കാരന്‍ ദേഹത്തേക്ക് മൂത്രമൊഴിക്കുമ്പോള്‍ ജെറോം ഉറങ്ങുകയായിരുന്നെന്ന് ഇയാളുടെ സ്റ്റെപ് മകള്‍ നിക്കോളെ കോര്‍ണെല്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിനെ തുടര്‍ന്ന് കൂടുതല്‍ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഇയാളുടെ അടുത്തേക്ക് പോകരുതെന്നാണ് ജെറോമിനോട് വിമാന ജീവനക്കാര്‍ പറഞ്ഞതെന്നും കോര്‍ണെല്‍ ആരോപിച്ചു. തന്‍റെ രണ്ടാനച്ഛന്‍റെ ആരോഗ്യത്തെക്കാള്‍ എയര്‍ലൈന്‍റെ താല്‍പ്പര്യങ്ങള്‍ക്കാണ് അവര്‍ ശ്രമിച്ചതെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് ഈ സംഭവം കൈകാര്യം ചെയ്ത രീതി ഞെട്ടലുണ്ടാക്കിയെന്നും അവര്‍ പ്രതികരിച്ചു. സംഭവത്തിലുള്‍പ്പെട്ട ഈ യാത്രക്കാരന് വിലക്ക് ഏര്‍പ്പെടുത്തിയതായി യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു.