Kerala

ഒന്നിനി ശ്രുതി താഴ്ത്തി, നിലച്ചത് ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ഭാവനാദം; 5ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങൾ

തിരുവനന്തപുരം: ആറു പതിറ്റാണ്ട് കാലം തെന്നിന്ത്യൻ ചലച്ചിത്ര ഗാനശാഖയിൽ നിറഞ്ഞ സ്വരമാണ് വിടവാങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരമാധുര്യം തിളങ്ങി നിന്നു. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രന്‍റെ ശബ്ദത്തിലൂടെ ജീവൻ വെച്ചത്. മെലഡി കിങായിരുന്ന പി ജയചന്ദ്രൻ പ്രായം നമ്മിൽ മോഹം നൽകി പോലുള്ള പാട്ടുകളിലൂടെ യുവത്വത്തെയും ഹരംകൊള്ളിച്ചു. എണ്‍പതാം വയസിലാണ് മലയാളത്തിന്‍റെ ഭാവ ഗായകന്‍റെ വിയോഗം. പതിഞ്ഞ ഭാവത്തിലെ പാട്ടുകള്‍ കൊണ്ട് വിസ്മയിപ്പിക്കുമപ്പോഴും പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം കൂടിയായിരുന്നു ജയചന്ദ്രന്‍റേത്. പുത്തന്‍ തലമുറ ട്രെന്‍ഡായി കൊണ്ടാടിയ പാട്ടുകളോട് തന്‍റെ അഭിപ്രായവ്യത്യാസം തുറന്ന് പറയാനും അദ്ദേഹം മടിച്ചിരുന്നില്ല. രാസാത്തി ഉന്നെ കാണാമ നെഞ്ച് എന്ന ഗാനം ഇന്നും തെന്നിന്ത്യ ഏറ്റുപാടുന്ന പാട്ടാണ്. ഇളയരാജ-ജയചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം തമിഴ ജനതയുടെ ആത്മാവിനോട് അത്രമാത്രം ഇഴുകി ചേര്‍ന്ന് നിൽക്കുന്നതാണ്. ദേശീയ പുരസ്കാരവും അഞ്ചു തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണിഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. അനുരാഗ ഗാനം പോലെ, നിന്‍മണിയറയിലെ, രാജീവ നയനേ നീയുറങ്ങൂ, ഒന്നിനി തിരിതാഴ്ത്തൂ, നീലഗിരിയുടെ സഖികളേ, പ്രായം തമ്മില്‍ പ്രേമം നല്‍കി, അറിയാതെ അറിയാതെ എന്നിങ്ങനെ അദ്ദേഹം എണ്ണിയാൽ തീരാത്ത പാട്ടുകള്‍ക്കും മലയാളികളുടെ ഹൃദയത്തിലാണ് സ്ഥാനം. പതിറ്റാണ്ടുകളോടും സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയ ഭാവഗായകൻ വിടവാങ്ങിയാലും അദ്ദേഹം ജീവൻ നൽകിയ ഗാനങ്ങള്‍ കാലാതീതമായി ജനമനസുകളിൽ തങ്ങിനിൽക്കും. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് പി ജയചന്ദ്രന്‍റെ ജനനം. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. വിദ്യാഭ്യാസ കാലഘട്ടമെല്ലാം ഇവിടെയായിരുന്നു. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. ഇന്ന് രാത്രി 7.45ഓടെയാണ് പി ജയചന്ദ്രന്‍റെ മരണം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു. ഇന്ന്. രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം ശനിയാഴ്ച്ച ചേന്ദമംഗലം പാലിയത്ത് വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കുക. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button