Entertaiment

ഖുറേഷി’ക്ക് മുന്‍പ് ‘സ്റ്റീഫന്‍റെ’ ഒരു വരവ് കൂടി! ‘ലൂസിഫര്‍’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. എമ്പുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നതാണ് അത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റീ റിലീസ്. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റീ റിലീസ് ചെയ്യാനുള്ള ആഗ്രഹം നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പങ്കുവച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോഴാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. ചില സീക്വലുകളുടെ റീലീസിന് മുന്‍പ് അതിന് മുന്‍പെത്തിയ ഭാഗം കാണാന്‍ പ്രേക്ഷകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. സംവിധായകര്‍ തന്നെ ചിലപ്പോഴൊക്കെ പ്രേക്ഷകരോട് അത് ആവശ്യപ്പെടാറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു റീ റിലീസ് മലയാളത്തില്‍ ആദ്യമാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button