
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ആദിത്യ ബിര്‍ള മണി ലിമിറ്റഡിന്റെ പേരില്‍ വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് നിര്‍മ്മിച്ച് എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂര്‍, കൊളത്തറ സ്വദേശിയായ ഫെമീന എന്ന യുവതിയാണ് പിടിയിലായത്. ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് റിട്ട. അധ്യാപകനില്‍ നിന്നും ഒരു മാസം കൊണ്ട് 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ലാഭവിഹിതം ലഭിക്കാന്‍ കമ്പനിയെ സമീപിച്ചപ്പോള്‍ വീണ്ടും പണം ആവശ്യപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് കാട്ടൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എന്നാല്‍ പണം തട്ടിയെടുത്ത സംഘം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായുള്ള വിവിധ ആളുകളുടെ അക്കൗണ്ടുകളിലേയക്ക് അയക്കുകയും അവരെക്കൊണ്ട് പണം പിന്‍വലിപ്പിക്കുകയും ചെയ്തതായി പൊലിസ് കണ്ടെത്തി. ഇത്തരത്തില്‍ ഏഴര ലക്ഷം രൂപ പിന്‍വലിക്കപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവതിയാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായ ഫെമീനയുടെ അക്കൗണ്ടിലേക്കെത്തിയ പണം ബന്ധുവായ ഒരാള്‍ക്കാണ് ഫെമിന ബാങ്കില്‍നിന്നും എടുത്ത് നല്‍കിയത്. ഇതിനായി 5000 രൂപ കമ്മിഷന്‍ കൈപറ്റുകയും ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനാണ് ഫെമിനയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പരാതിക്കാരന്‍ ഗ്രോവാപ്പ് വഴി ഓണ്‍ലൈന്‍ ട്രേഡിങ്ങ് നടത്തി വരവെ 2024 നവംബര്‍ മാസത്തില്‍ ഒരു ദിവസം ആദിത്യ ബിര്‍ള മണി ലിമിറ്റഡ് എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഷെയേഴ്‌സ് ആന്‍ഡ് ഐ.പി.ഒ. ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ പരാതിക്കാരന്റെ വാട്‌സാപ്പിലേക്ക് വന്ന ലിങ്ക് ക്ലിക്ക് ചെയ്തതിനെ തുടര്‍ന്ന് ആദിത്യ ബിര്‍ള വെല്‍ത്ത് അപ്രിക്കേഷന്‍ ക്ലബ് എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുകയും ചെയ്തു. ഈ ഗ്രൂപ്പിലൂടെയും മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് അയച്ചും ഓണ്‍ലൈന്‍ ട്രേഡിങ്ങ് നടത്തിയാല്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന് പ്രതികള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ട്രേഡിങ്ങ് നടത്തിച്ച് 2024 ഡിസംബര്‍ 6 -ാം തിയ്യതി മുതല്‍ 2025 ജനുവരി 6 -ാം തിയ്യതി വരെയുള്ള കാലയളവില്‍ പരാതിക്കാരന്റെ എടതിരിഞ്ഞിയിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി പല അക്കൗണ്ടിലേക്ക് നാല്പത്തിനാല് ലക്ഷത്തി തൊള്ളൂറ്റിയേഴായിരത്തി അഞ്ഞൂറ്റി പതിനാറ് രൂപ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യിപ്പിക്കുകയും, ഇന്‍വെസ്റ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം പിന്‍വലിക്കാനായി ശ്രമിച്ചപ്പോള്‍ തട്ടിപ്പുകാര്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു. ലാഭവിഹിതത്തില്‍ നിന്നും സര്‍വീസ് ചാര്‍ജ് എടുത്തതിന് ശേഷം നിക്ഷേപിച്ച പണവും ലഭവിഹിതവും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ 2025 ജനുവരി 20 ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ നിന്നും ഈ കേസിലെ പ്രതികള്‍ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിയില്‍ കൈപറ്റിയിട്ടുള്ളതാണെന്ന് മനസിലാക്കുകയും ഇത്തരത്തില്‍ അയച്ച തട്ടിപ്പ് പണത്തിലെ ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ ഫെമീനയുടെ കോഴിക്കോട് ബേപ്പൂര്‍ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് ലഭിക്കുകയും ഈ തുക ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് ബന്ധുവായ ജാസിര്‍ എന്നയാള്‍ക്ക് നല്‍കുകയും ചെയ്തതതായി കണ്ടത്തി. ഇതിനുള്ള കമ്മീഷനായി ഫെമീന 5000 രൂപ കൈപറ്റിയതായും കണ്ടെത്തുകയായിരുന്നു. ഫെമീന കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമര്‍പ്പിച്ച അപേക്ഷ നിരസിക്കുകയും 2025 മാര്‍ച്ച് 03-ാം തിയ്യതി മുതല്‍ രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവായിരുന്നു. എന്നാല്‍ ഫെമീന ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ഫെമീനയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഫെമീനയെ റിമാൻഡ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസിന്റെ മാര്‍ഗനിര്‍ദ്ദേശാനുസരണം കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, ബൈജു ഇ ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാബു ജോജ്, എ എസ് ഐ മിനി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
