ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; താമരശ്ശേരി സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി (35), താമരശ്ശേരി പെരുമ്പള്ളി ഭാഗത്ത് ഇലവ വീട്ടിൽ അജ്മൽ കെ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.
ഇയാൾ ഷെയർ ട്രേഡിങ്ങിൽ താൽപര്യമുള്ള വൈദികനെ സാമൂഹിക മാധ്യമം വഴി ബന്ധപ്പെട്ട് ആദിത്യ ബിർള ക്യാപിറ്റൽ സോക്സ് ആൻഡ് സെക്യൂരിറ്റി എന്നപേരിൽ ആഡ്ബീർ കേപ്പബിൾ എന്ന ആപ്ലിക്കേഷൻ വൈദികന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തിൽ കുറച്ച് ലാഭവിഹിതം വൈദികന് നൽകി വൈദികനെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു. പിന്നീട് ഷെയർ ട്രേഡിങ്ങിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൈദികനിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് പലതവണകളായി പല അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപ വാങ്ങിച്ചെടുക്കുകയായിരുന്നു.
