ട്രെയിനിൽ നിന്ന് കിട്ടുന്നത് ബാഗുകളും പൊതികളും മാത്രം, ആളുകൾ മറ്റൊരു കോച്ചിൽ ഇരിക്കും; കൈയോടെ പിടികൂടി പോലീസ്

കൊച്ചി: ട്രെയിനിൽ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റെയിൽവെ പോലീസ് പിടികൂടി. ബിഹാർ സ്വദേശി പപ്പു കുമാർ, ഉത്തർപ്രദേശുകാരനായ മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്. പൂനെയിൽ നിന്നുള്ള ട്രെയിനിൽ പലയിടങ്ങളിലായി ബാഗുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായവർ ഏജന്റുമാർ മാത്രമാണെന്നും കഞ്ചാവ് കടത്തുന്നതിന് 5000 രൂപ മാത്രമാണ് ഇവർക്ക് പ്രതിഫലം ലഭിച്ചതെന്നും റെയിൽവെ പോലീസ് പറയുന്നു. ട്രെയിനുകളിലൂടെ വ്യാപകമായി ലഹരി മരുന്നുകൾ കടത്തുന്നെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവെ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രി പത്ത് മണി മുതൽ പിറ്റേ ദിവസം രാവിലെ ആറ് മണി വരെ സംസ്ഥാന വ്യാപകമായി ട്രെയിനുകളിൽ പരിശോധന നടത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്ന ട്രെയിനുകളിൽ എറണാകുളം റെയിൽവെ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയും നടത്തി. ഇതിനിടെയാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലാത്. എറണാകുളത്ത് റെയിൽവെ പ്ലാറ്റ്ഫോമിൽ വെച്ച് കഞ്ചാവ് കണ്ടെത്തുകയും പിന്നാലെ ഇരുവരെയും പിടികൂടുകയുമായിരുന്നു. ട്രെയിനിലെ പരിശോധനകളിൽ പിടിക്കപ്പെടാതിരിക്കാൻ ലഹരിക്കടത്തുകാർ പല സ്ഥലങ്ങളിലായി ബാഗുകൾ കൊണ്ടുവെയ്ക്കുകയും ശേഷം മാറി മറ്റൊരിടത്ത് പോയി ഇരിക്കുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. പരിശോധനകളിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയാൽ പോലും കൊണ്ടുവന്ന ആൾ അടുത്ത് ഉണ്ടാവാത്തത് കാരണം അവരെ കിട്ടില്ല. ശേഷം ഇറങ്ങാൻ നേരത്തെയാരിക്കും ഇവർ ബാഗുകൾ എടുക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇവർക്ക് പുറമെ യാത്രക്കാർക്ക് മദ്യം വിൽക്കുകയായിരുന്ന രണ്ട് ജീവനക്കാരെയും പിടികൂടി. പൂനൈ-കന്യാകുമാരി എക്സ്പ്രസിലെ ബെഡ് റോൾ സ്റ്റാഫ് അംഗങ്ങളായ ബിഹാർ സ്വദേശി അഭിഷേക്, ജാർഖണ്ഡ് സ്വദേശി കരുണ കുമാർ എന്നിവരാൺ് അറസ്റ്റിലായത്. യാത്രക്കാരെ സമീപിച്ച് മദ്യമുണ്ടെന്ന് അറിയിക്കുകയും ആവശ്യക്കാരെ കണ്ടെത്തി വിൽപന നടത്തുകയും ചെയ്യുകയായിരുന്നു രീതി. തൃശ്ശൂർ റെയിൽവെ പോലീസാണ് ഇവരെ കണ്ടെത്തി പിടികൂടിയത്. ട്രെയിനുകളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരുടെ മൊബൈൽ ഫോൺ, ലാപ്‍ടോപ്, ബാഗ്, സ്വർണാഭരണങ്ങൾ തുടങ്ങിയ മോഷ്ടിക്കുന്ന രണ്ട് പേരെയും പിടികൂടി. തിരുവനന്തപുരം വർക്കല സ്വദേശി അസീം ഹുസൈൻ, ആലപ്പുഴ വണ്ടാനം സ്വദേശി മുഹമ്മദ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഇവരെയും എറണാകുള റെയിൽവെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യുകയാണ്. വരും ദിവസങ്ങളിലും ട്രെയിനുകളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
