ഇനി ജിയോഹോട്ട്‌സ്റ്റാര്‍ മാത്രം; നിലവിലെ ജിയോസിനിമ, ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ വരിക്കാര്‍ക്ക് എന്ത് സംഭവിക്കും

മുംബൈ: രാജ്യത്ത് വീഡിയോ സ്ട്രീമിങ് രംഗത്ത് പുത്തന്‍ പ്ലാറ്റ്‌ഫോമിന് തുടക്കമായിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന ജിയോ സിനിമയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറും തമ്മില്‍ ലയിച്ചുള്ള ജിയോഹോട്ട്‌സ്റ്റാര്‍ (JioHotstar) പ്ലാറ്റ്‌ഫോം മിഴിതുറന്നിരിക്കുന്നു. ഇതിനകം ജിയോ സിനിമയിലും ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ എടുത്തിരുന്നവര്‍ പുതിയ പ്ലാറ്റ്‌ഫോമിന്‍റെ വരവോടെ എന്ത് ചെയ്യും എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ജിയോ സിനിമയിലെയും ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലെയും നിലവിലെ പ്ലാന്‍ റദ്ദാകുമോ? പുത്തന്‍ ജിയോഹോട്ട്‌സ്റ്റാറില്‍ ഉള്ളടക്കങ്ങള്‍ കാണാന്‍ ഉടനടി മറ്റെന്തെങ്കിലും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കണോ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഉപയോക്താക്കള്‍ക്ക് സ്വാഭാവികം. അത്തരം സംശയങ്ങള്‍ക്ക് വിശദമായി ഉത്തരമറിയാം. നിലവിലെ ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് നിലവിലുള്ള Disney+ Hotstar വരിക്കാർക്ക് പുതിയ ജിയോഹോട്ട്‌സ്റ്റാറിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ മൈഗ്രേറ്റാവും. ഇതിനകം ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ ആപ്പ് പുത്തന്‍ ലുക്കിലേക്ക് മാറിയിട്ടുണ്ട്. പഴയ ആപ്പ് തുറന്നാല്‍ പുതിയ ജിയോഹോട്ട്‌സ്റ്റാറിലേക്കാണ് പ്രവേശിക്കാനാവുക. നിലവില്‍ ഡിസ്‌നി + ഹോട്ട്‌സ്റ്റാറിലുള്ള പ്ലാനുകൾ മൂന്ന് മാസത്തേക്ക് പഴയ നിരക്കിൽ തന്നെ പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ തുടരും. ഈ കാലയളവിന് ശേഷം, അവർ പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ട്. ജിയോഹോട്ട്‌സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറുമ്പോൾ നിലവിലെ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ ഉപയോക്താക്കൾക്ക് ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് ജിയോസ്റ്റാറിന്‍റെ എന്‍റര്‍ടെയ്‌ന്‍മെന്‍റ് സിഇഒ കെവിൻ വാസ് ഉറപ്പുനൽകി. Read more: സിനിമ, ക്രിക്കറ്റ്, സിരീസ് സ്ട്രീമിങ് അടിമുടി മാറും; പുതിയ ജിയോഹോട്ട്സ്റ്റാർ പ്ലാറ്റ്‌ഫോമിലെ മാറ്റങ്ങള്‍ ഇവ നിലവിലെ ജിയോ സിനിമ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് അതേസമയം, JioCinema-യുടെ പ്രീമിയം വരിക്കാര്‍ക്ക് അവരുടെ പ്ലാനിന്‍റെ അവശേഷിക്കുന്ന കാലയളവിലേക്ക് സ്വമേധയാ ജിയോഹോട്ട്‌സ്റ്റാര്‍ പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അവരുടെ നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, അവർ പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ പ്ലാനുകൾ സ്വീകരിക്കേണ്ടതുണ്ടെന്നത് ശ്രദ്ധിക്കുക. ജിയോ സിനിമ ആപ്പ് ഓപ്പണ്‍ ചെയ്താല്‍, ‘Watch on JioHotstar’ എന്ന ബാനര്‍ കാണാനാകും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ജിയോഹോട്ട്‌സ്റ്റാര്‍ ആപ്പിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.
