KeralaNational

കൺഫേം ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രം ഇനി റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാവും നിയന്ത്രണം ആദ്യം നിലവിൽ വരിക.

വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയിൽവേ സ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നിൽക്കണം എന്നാണ് പുതിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളിൽ സീനിയർ ഓഫീസറെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി, ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേർക്കു സ്റ്റേഷനിൽ പ്രവേശിക്കാം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ടർക്കായിരിക്കും.

ഭാവിയിൽ തിരക്ക് നിയന്ത്രണവിധേയമാക്കേണ്ട റെയിൽവേ സ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് പരിശോധിച്ച് ആയിരിക്കും പട്ടികയിൽ കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ചേർക്കുക. റെയിൽവേ സ്റ്റേഷനുകളിലേക്കു ടിക്കറ്റ് ഇല്ലാതെ പോകുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നയത്തിന് കരുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്​സവകാലങ്ങളിലും അവധിക്കാലങ്ങളിലും രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ബന്ധുക്കളെ കൊണ്ടു പോകാനും കൊണ്ടു വിടാനുമായി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരും തിരക്ക് ഉണ്ടാക്കുന്നവരിൽ പ്രധാന ഘടകമാണ്. അനാവശ്യ ആൾത്തിരക്ക് ഒഴിവാക്കുകയെന്നതാണ് പുതിയ നയം കൊണ്ട് ഉദ്ദേശിക്കുന്നത്.

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർ അവരുടെ യാത്രകൾ നേരത്തെ തന്നെ തീരുമാനിച്ച് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button