സ്വന്തം ടീം പുറത്തായി, പിന്നാലെ ബംഗ്ലാദേശും; പാകിസ്ഥാനിലെ ഗ്യാലറികളിൽ കാണികൾ കയറുമോ, നെഞ്ചിടിച്ച് പിസിബി

ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഐസിസി ടൂർണമെന്റ് രാജ്യത്തേക്കെത്തിച്ചെങ്കിലും സ്വന്തം ടീമിന്റെ ദയനീയ പുറത്താകലും മറ്റൊരു ഏഷ്യൻ രാജ്യമായ ബംഗ്ലാദേശിന്റെ പുറത്താകലും കാരണം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിസന്ധിയിൽ. ടൂർണമെന്റിൽ അവശേഷിക്കുന്ന മത്സരങ്ങൾക്ക് കാണികൾ കയറുമോ എന്നതാണ് പിസിബിയെ ആശങ്കയിലാക്കുന്നത്. കാണികളെ ആകർഷിക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നതാകട്ടെ ദുബൈയിലുമാണ്. ഇന്ത്യയോടും ന്യൂസിലാൻഡിനോടും പരാജയപ്പെട്ടാണ് പാകിസ്ഥാനും ബംഗ്ലാദേശും ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത്. ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും ന്യൂസിലാൻഡും സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിനായി ഗദ്ദാഫി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആശ്വാസമായിരുന്നു. പാകിസ്ഥാൻ ഉൾപ്പെടാത്ത മത്സരത്തിൽ ഇത്രയും ആളുകൾ കാണികളായി എത്തുന്നത് ശുഭസൂചനയെന്നാണ് പിസിബി അംഗം പറഞ്ഞത്. ആതിഥേയ ടീം പുറത്തായതോടെ ശേഷിക്കുന്ന മത്സരങ്ങൾക്കായി കാണികൾ വരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് വെല്ലുവിളി. 29 വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഇത്രയും വലിയ ടൂർണമെന്റിന് പിസിബി ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, പാകിസ്ഥാൻ സെമി ഫൈനലിൽ ഇടം നേടിയില്ലെങ്കിലും പിസിബിക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകില്ലെന്ന് ബോർഡിന്റെ വാണിജ്യ വിഭാഗവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ടിക്കറ്റ് വിൽപനയെയും മറ്റ് ഗ്രൗണ്ട് വരുമാനത്തെയും ബാധിക്കാം. ആതിഥേയത്വ ഫീസ്, ടിക്കറ്റ് വിൽപ്പന ഉൾപ്പെടെയുള്ള ഐസിസി വരുമാനത്തിന്റെ പങ്ക് ഉറപ്പാണ്. പക്ഷേ മെഗാ ഇവന്റിൽ ആളുകൾക്ക് താൽപ്പര്യം നഷ്ടപ്പെടുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നു. പകുതി നിറഞ്ഞ സ്റ്റേഡിയങ്ങൾ ലോകം കാണുന്നു. പാകിസ്ഥാൻ ക്രിക്കറ്റിനെ ഒരു ബ്രാൻഡായി വിൽക്കുന്നത് എളുപ്പമായിരിക്കില്ല എന്നതാണ് ഏറ്റവും വലിയ ആശങ്കയെന്നും ബോർഡ് അംഗം പറയുന്നു. Read More… ചാമ്പ്യൻസ് ട്രോഫി: ഒറ്റപ്പന്തുപോലും എറിയാതെ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു ഇന്ത്യയോടുള്ള തോൽവിയിൽ ആരാധകരും വിമർശകരും ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്കെതിരെയും ആരാധകര്‍ രംഗത്തെത്തി. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളുടെ നവീകരണത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിലേക്ക് എത്താൻ കഴിയുന്ന ഒരു ടീം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന കാര്യം അദ്ദേഹം മറന്നുവെന്നും വിമർശനമുയർന്നു. പാക് മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ സ്പോൺസർ കൈവിടും. പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പത്താം പതിപ്പ് വരാനിരിക്കുന്നതോടെ, ചാമ്പ്യൻസ് ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനം എത്രത്തോളം പ്രതികൂല സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണമെന്നും വിദഗ്ധർ പറയുന്നു.
