രാജ്യത്തിനുള്ളിലും പാകിസ്ഥാന് തിരിച്ചടി, ബിഎൽഎയുടെ ബോംബാക്രമണത്തിൽ 7 അര്‍ധ സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിൽ ചൊവ്വാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ ഏഴ് പാകിസ്ഥാൻ അർദ്ധസൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ)യാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സൈന്യം പ്രസ്താവനയിൽ ആരോപിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഇതുവരെ ഏറ്റെടുത്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ അക്രമം രൂക്ഷമായിട്ടുണ്ട്. പാകിസ്ഥാൻ അധികാരികൾ പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് വിഘടനവാദി ഗ്രൂപ്പുകൾ പ്രചാരണം ശക്തമാക്കിയിരുന്നു. ജനുവരി 1 മുതൽ ബലൂചിസ്ഥാനിലും അയൽ പ്രദേശമായ ഖൈബർ-പഖ്തൂൺഖ്വയിലും സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ 200-ലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. ട്രെയിൻ റാഞ്ചലടക്കമുള്ള മാർഗമാണ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) സ്വീകരിച്ചത്
