BusinessNational

പാൻ 2.0 അല്ലെങ്കിൽ ബ്ലോക്ക് ആകുമെന്ന് മെസ്സേജ്. ഒറിജിനലിനെ വെല്ലുന്ന വെബ്സൈറ്റ്’.ജാഗ്രത വേണമെന്ന് പൊലീസ്

തൃശൂര്‍: അപ്‌ഗ്രേഡ് ചെയ്ത പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ സിസ്റ്റമായ പാന്‍ 2.0 എന്ന പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിച്ചില്ലെങ്കില്‍ നിലവിലുള്ള പാന്‍ കാര്‍ഡ് ബ്ലോക്ക് ആകുമെന്നും പാന്‍ 2.0 സജീവമാക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്നും കാട്ടി ജില്ലയില്‍ പുതിയ തട്ടിപ്പ് രീതി. തട്ടിപ്പുകാര്‍ ഇതുമായി ബന്ധപ്പെട്ട് മെസേജ് അയയ്ക്കുകയാണ് ആദ്യം ചെയ്യുകയെന്ന് തൃശൂര്‍ സിറ്റി പോലീസ് അറിയിച്ചു.

പാന്‍ 2.0 സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന, ഔദ്യോഗിക പാന്‍ പോര്‍ട്ടലിനോട് സാമ്യമുള്ള വെബ്‌സൈറ്റുകളാണ് ഇവര്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഈ വെബ്സൈറ്റുകളില്‍ ആധാര്‍ നമ്പറുകളും ബാങ്ക് വിശദാംശങ്ങളും പോലുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. പലപ്പോഴും വ്യാജ പ്രോസസിങ് ഫീസും ഈടാക്കുന്നു. ഇതിലൂടെ അക്കൗണ്ടിലെ മുഴുവന്‍ തുകയും തട്ടിപ്പുകാരിലേക്ക് എത്താന്‍ വഴിയൊരുക്കുന്നു.

വ്യാജ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും കോള്‍ സെന്ററുകളും സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഒ.ടി.പികള്‍, ആധാര്‍ വിശദാംശങ്ങള്‍, അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ എന്നിവ പോലുള്ള രഹസ്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനായി തട്ടിപ്പുകാര്‍ പ്രേരിപ്പിക്കുന്നു. പാന്‍ 2.0ന് വേണ്ടി വ്യാജ കെ.വൈ.സി. ആപ്ലിക്കേഷനുകളും ലഭിച്ചേക്കാം. ഇതിലൂടെ അവര്‍ ഐ.ഡി. രേഖകളുടെ (പാന്‍, ആധാര്‍, വോട്ടര്‍ ഐ.ഡി) സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഇത്തരം ചതികളില്‍ വീഴാതിരിക്കാന്‍ അതീവ ജാഗ്രത വേണമെന്നും സംശയാസ്പദമായ വെബ്‌സൈറ്റുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അല്ലെങ്കില്‍ ആപ്ലിക്കേഷനുകള്‍ എന്നിവ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ (1930) അല്ലെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലോ റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് അറിയിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനുമായി 1930 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button