മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാതാപിതാക്കളെയും മൂന്ന് പെൺമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിലുമായിരുന്നു. അഞ്ച് പേരുടെയും തലയിൽ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഭാരമുള്ള വസ്തു കൊണ്ട് അടി കിട്ടിയതു പോലെയുള്ള മുറിവുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി അറിയിച്ചു. ബുധനാഴ്ച ആരെയും പുറത്തു കാണാതിരുന്നതോടെയാണ് അയൽവാസികൾ പൊലീസിനെ അറിയിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മേൽക്കൂരയിലൂടെയാണ് പൊലീസ് അകത്ത് കടന്നത്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യം കണ്ടത്. വീടാകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു. ബെഡ്‌ബോക്‌സിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഇളയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മക്കൾക്കും 10 വയസ്സിൽ താഴെയാണ് പ്രായം. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. എത്രയും വേഗം കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Related Articles
കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു, സംഭവം രാജസ്ഥാനിലെ കോട് പുത്തലിയിൽ
1 week ago
ഒറിജിനാലിറ്റിക്കായി മകന്റെ തല മൊട്ടയടിച്ചു, പുരികം നീക്കി, വീൽചെയറിൽ, മാതാപിതാക്കൾ തട്ടിയത് ലക്ഷങ്ങൾ,അറസ്റ്റ്
4 weeks ago