ഒരു കോടി രൂപ നല്‍കണം, ഇല്ലെങ്കില്‍ കൊലപ്പെടുത്തും’; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

‘
ഇന്ത്യൻ പേസ് ബൗളറും ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി. ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഷമിക്ക് വധഭീഷണി ലഭിച്ചത്. രജത്പുത് സിന്ധര്‍ എന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നാണ് ഷമിക്ക് സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നാണ് സന്ദേശമെന്ന് ഹിന്ദി ദിനപത്രം അമര്‍ ഉജല ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഷമിയുടെ സഹോദരനായ മുഹമ്മദ് ഹസീബാണ് സന്ദേശം കണ്ടത്. ഇതിന് പിന്നാലെ ഹസീബ് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മേയ് നാലാം തീയതിയാണ് വധഭീഷണിയുണ്ടായത്. അംരോഹ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്ന്. പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കര്‍ണാടക സ്വദേശിയാണ് ഭീഷണിക്ക് പിന്നിലെന്നും സൂചനയുണ്ട്. സംശയിക്കുന്ന വ്യക്തിയുടെ പേര് പ്രഭാകര്‍ എന്നാണ്. കഴിഞ്ഞ മാസം ഇന്ത്യയുടെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറിന് നേരയും ഇ മെയില്‍ വഴി വധഭീഷണിയുണ്ടായിരുന്നു. നിലവില്‍ ഐപിഎല്ലില്‍ മോശം ഫോമിലാണ് ഷമി. കഴിഞ്ഞ സീസണുകളില്‍ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഷമിയെ 10 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കുന്നത്. ഹൈദരാബാദിനായി കളത്തിലെത്തിയ ആദ്യ മത്സരത്തില്‍ മൂന്ന് ഓവറെറിഞ്ഞ താരത്തിന് നിതീഷ് റാണയുടെ വിക്കറ്റ് നേടാനായിരുന്നു. സീസണില്‍ ഇതുവരെ ഒൻപത് മത്സരങ്ങളാണ് ഷമി കളിച്ചത്. ആറ് വിക്കറ്റുകള്‍ മാത്രമാണ് നേട്ടം. പഞ്ചാബിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 75 റണ്‍സ് ഷമി വഴങ്ങി. ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയിലും ഷമി ഇടംനേടി. 76 റണ്‍സ് വഴങ്ങിയ ജോഫ്ര ആര്‍ച്ചറാണ് ഒന്നാം സ്ഥാനത്ത്.
