
വയനാട്: ദില്ലിയിലെ ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 27 വർഷത്തിനു ശേഷം ദില്ലിയിൽ ബിജെപിയുടെ വിജയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി യോഗങ്ങളിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി വയനാട് എംപി കൂടിയായ പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർക്ക് മടുത്തു, മാറ്റം ആഗ്രഹിക്കുന്നു. അവർ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നാണ് കരുതുന്നതെന്നും വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. തെഞ്ഞെടുപ്പിൽ തോറ്റവർ കൂടുതൽ കഠിനാധ്വാനം ചെയ്യണം. നിലത്ത് നിൽക്കണം, ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക കേരളത്തിലെത്തിയത്. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്ന് കെജ്രിവാൾ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കും. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. പാര്‍ട്ടിയിലെ മുൻനിര നേതാക്കളായ കെജ്രിവാളും മനീഷ് സിസോദിയയുമുൾപ്പെടെ പരാജയപ്പെട്ടപ്പോൾ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്. ദില്ലിയുടെ അധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ അഴിമതിയില്‍ കെജ്രിവാളടക്കം നേതാക്കളെ കുരുക്കാനായതുമാണ് ആംആദ്മി പാര്‍ട്ടിയുടെ സിംഹാസനം തകര്‍ത്ത ഘടകങ്ങള്‍. ആംആദ്മി പാര്‍ട്ടിയെ കടത്തി വെട്ടുന്ന ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും, മധ്യവര്‍ഗത്തെ ഉന്നമിട്ട് നടത്തിയ ബജറ്റ് പ്രഖ്യാപനവും ബിജെപിക്കായി രാജ്യ തലസ്ഥാനത്തിന്‍റെ വാതിലുകള്‍ തുറന്നത്.
