
ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യു.പി.ഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യു.പി.ഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. യു.പി.ഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read – കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത മൂന്നു ശതമാനം കൂടും
റീടെയിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വിസയെ മറികടന്ന് ഇന്ത്യയുടെ യു.പി.ഐ മുന്നേറിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐ.എം.എഫാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്ത്യയിലെ 85 ശതമാനം പേയ്മെന്റുകളും യു.പി.ഐയിലൂടെ നടക്കുന്നത്. ആഗോളതലത്തിൽ നടക്കുന്ന പേയ്മെന്റുകളിൽ 60 ശതമാനവും യു.പി.ഐയാണ്.
പ്രതിദിനം 640 മില്യൺ ഇടപാടുകളാണ് യു.പി.ഐ നടത്തുന്നത്. 24 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് യു.പി.ഐ നടത്തുന്നത്. 32 ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യു.പി.ഐ ഇടപാടുകളിലുണ്ടായത്. യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐ.സി.ഐ.സി.ഐ ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ആർ.ബി.ഐ ഗവർണറുടേയും പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
