കുടുംബത്തിന് വേണ്ടി വിമാനത്തിന്റെ കോക്പിറ്റ് വാതിൽ ഏറെ നേരം തുറന്നിട്ട് പൈലറ്റ്; പിന്നാലെ സസ്പെന്ഷന്

ന്യൂയോർക്ക്: വിമാനയാത്രക്കിടെ ഏറെ നേരം കോക്ക്പിറ്റ് വാതില്‍ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്ത് ബ്രിട്ടീഷ് എയർവേയ്സ്. ലണ്ടൻ ഹീത്രോയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്ന വിമാനത്തിലാണ് യാത്രക്കാരെ ആശങ്കപ്പെടുത്തിയ സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന തന്റെ കുടുംബത്തിന്, താന്‍ വിമാനം നിയന്ത്രിക്കുന്നത് കാണാന്‍ വേണ്ടിയാണ് പൈലറ്റ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.വിമാനം റാഞ്ചുകയോ തീവ്രവാദ ആക്രമണസാധ്യതയോ ഉണ്ടാകുന്നത് തടയാനായി യാത്രക്കിടെ വിമാനത്തിന്റെ കോക്ക്പിറ്റ് വാതിലുകള്‍ അടച്ചിടുകയാണ് പതിവ്. വിമാനത്തിലുണ്ടായിരുന്ന തന്റെ കുടുംബക്കാര് താന്‍ വിമാനം നിയന്ത്രിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇതിനായി കോക്ക്പിറ്റ് വാതില്‍ തുറന്നിടുകയായിരുന്നുവെന്നും ക്യാപ്റ്റന്‍ വിശദീകരണം നല്‍കിയതായി ‘ദി സൺ മാസിക’ റിപ്പോര്‍ട്ട് ചെയ്തു.സംഭവം വിവാദമായതിന് പിന്നാലെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് പൈലറ്റിനെ ബ്രിട്ടീഷ് എയര്‍വേഴ്സ് സസ്പെന്‍ഡ് ചെയ്തു. “കോക്ക്പിറ്റ് വാതിൽ ഏറെനേരം തുറന്നിരിക്കുന്നത് ക്രൂവും യാത്രക്കാരും ശ്രദ്ധിച്ചു, എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ യാത്രക്കാരും അസ്വസ്ഥരായെന്നും ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാർ പൈലറ്റിനെക്കുറിച്ച് എയർലൈനിൽ റിപ്പോർട്ട് ചെയ്തു. മറ്റ് ജീവനക്കാരുടെ പരാതിക്ക് പിന്നാലെയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.പൈലറ്റിനെതിരേയുള്ള നടപടിക്ക് പിന്നാലെ തിരിച്ച് ന്യൂയോർക്കിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിന്റെ സർവീസ് റദ്ദാക്കി. യാത്രക്കാർക്കുള്ള ബദൽ സർവീസ് ബ്രിട്ടീഷ് എയര്‍വേയ്സ് കമ്പനി വാഗ്ദാനംചെയ്തു.സംഭവത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അടിയന്തര അന്വേഷണം ആരംഭിച്ചു.
