ഉടമയുടെ കൊക്കെയ്ൻ കഴിച്ച പിറ്റ് ബുള്ളുകൾ 73 -കാരിയെ കടിച്ച് കീറി കൊലപ്പെടുത്തി; നായകളെ വെടിവച്ച് കൊന്ന് പോലീസ്

ഉടമയുടെ കൊക്കെയ്ൻ കഴിച്ച പിറ്റ് ബുള്ളുകൾ അയല്‍വാസിയായ സ്ത്രീയെ അവരുടെ പൂന്തോട്ടത്തില്‍ വച്ചാണ് അക്രമിച്ച് കൊലപ്പെടുത്തിയത്.

അമിതമായ ലഹരി ഉപയോഗം, പ്രത്യേകിച്ചും രാസലഹരികളുടെ ഉപയോഗം മനുഷ്യനെ അക്രമാസക്തനാക്കുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. അത്തരമൊരു അവസ്ഥയില്‍ പൊതുവേ അക്രമണകാരികളെന്ന് അറിയപ്പെടുന്ന പിറ്റ് ബുള്ളുകൾ കൊക്കെയ്‍ൻ ഉപയോഗിച്ചാല്‍? അതുയർത്തുന്ന ഭീഷണി വളരെ വലുതാണെന്ന് യുഎസിലെ ഒഹായോയില്‍ നിന്നുള്ള ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്‍റെ പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന 73 വയസുള്ള ജോആന്‍ ഇച്ചൽബർഗർ എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പിറ്റ് ബുള്ളുകൾ പ്രായമായ സ്ത്രീയെ അക്രമിക്കുന്നെന്ന വാര്‍ത്ത അറിഞ്ഞെത്തിയ പോലീസ് നായ്ക്കളെ വെടി വച്ച് കൊല്ലുകയായിരുന്നു. വെടിയേറ്റിട്ടും ഒരു നായ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. നായകളുടെ ടോക്സിക്കോളജി പരിശോധനയില്‍ ഇവ ഉയർന്ന അളവില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ആക്രമണം കണ്ട് നിന്ന ജോആന്‍റെ ഭര്‍ത്താവ് ഡിമെന്‍ഷ്യ ബാധിച്ച് വീല്‍ചെയറിലായി
ജോആന്‍റെ അയല്‍വാസികളായ ആഡം. സുസന്‍ വെതേർസ് എന്നിവരായിരുന്നു നായ്ക്കളുടെ ഉടമസ്ഥർ. നേരത്തെയും ഈ നായ്ക്കൾ അക്രമാസക്തരാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നായ്ക്കൾ ലഹരി മരുന്ന് ഉപയോഗിച്ചതായി സംശയം പ്രകടിപ്പിച്ചെങ്കിലും അവയെ ഉടമസ്ഥരുടെ അടുത്ത് തന്നെ വിട്ട് പോവുകയായിരുന്നെന്നും പോലീസിന്‍റെ ഈ അനാസ്ഥയാണ് തന്‍റെ അമ്മയുടെ മരണത്തിന് ഇടയാക്കിയതെന്നും ജോആന്‍റെ മകന്‍ ബില്ല് റോജേർസ് ആരോപിച്ചു.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് പിന്നാലെ നായ ഉടമകളായ ആഡമിനും സുസന്‍ വെതേർസിനും എതിരെ കോടതി കുറ്റം ചുമത്തി. ഇരുവരും ചേർന്ന് ജോആന്‍റെ കുടുംബത്തിന് 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. അതേസമയം ഇരുവര്‍ക്കുമുള്ള തടവ് ശിക്ഷാ തിയതി വിധിച്ചിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.