പിഎൻബിയിൽ നിന്ന് 11,653 കോടി രൂപ തട്ടിയെടുത്ത സംഭവം: രത്ന വ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിൽ

ബ്രസൽസ്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്ന വ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ. ബെൽജിയത്തിൽ നിന്നാണ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ഏജൻസികളുടെ അഭ്യർത്ഥനപ്രകാരമാണ് അറസ്റ്റ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,653 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മെഹുൽ ചോക്സിക്കെതിരെ ഇഡിയും സിബിഐയും നേരത്തെ കേസെടുത്തിരുന്നു. കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരുന്നത്. ഇതേത്തുടർന്ന് ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ നടപടി തുടങ്ങിയിരുന്നു. ബെൽജിയൻ പൗരത്വം കിട്ടാൻ വ്യാജ രേഖ ഹാജരാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ആന്റിഗ്വ ആൻഡ് ബാർബുഡയിലാണ് മെഹുൽ ചോക്സി നേരത്തെ താമസിച്ചിരുന്നത്. ഇന്ത്യയിലും, ആന്റിഗ്വയിലും പൗരത്വം ഉള്ളതായി ബെൽജിയത്തെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13500 കോടി തട്ടിയ കേസിലെ പ്രതിയാണ് മെഹുൽ ചോക്സി.
