Crime

മദ്യം നല്‍കി 16 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതിയായ അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പോലീസ്

പത്തനംതിട്ട: 16 കാരിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ അഭിഭാഷകനെ പിടികൂടാതെ പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും  പൊലീസ് ഇയാളെ പിടികൂടിയിട്ടില്ല. ഒളിവില്‍ പോയ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും ശക്തമായ തെളിവുകള്‍ ഹാജരാക്കിയത് കൊണ്ടാണ് കോടതി ജാമ്യഹര്‍ജി തള്ളിയതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ രണ്ടാം പ്രതിയെ മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  നൗഷാദിന്‍റെ രാഷ്ട്രീയ സ്വാധീനമാണ് അയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിന് കാരണം എന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നൗഷാദ് അഭിഭാഷകവൃത്തിക്ക് പോലും കളങ്കമാണെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വിമര്‍ശിച്ചിരുന്നത്. 2023 ജൂണ്‍ 10 നാണ് കോഴഞ്ചേരിയിലെ ബാര്‍ഹോട്ടലില്‍ വെച്ച് നൗഷാദ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചന കേസ് കൈകാര്യം ചെയ്ത അഭിഭാഷകനായിരുന്നു ഇയാള്‍. കുട്ടിയുടെ പിതാവിന്‍റെ സഹോദരിയാണ് പണംവാങ്ങി പീഡനത്തിന് ഒത്താശ ചെയ്തത്. ഇവരെ മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലം പ്രയോഗിച്ച് മദ്യം നല്‍കി മയക്കിയായിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ പീഡന ദൃശ്യങ്ങള്‍ ഉപയോഗിച്ച് കുട്ടിയേയും അച്ഛനേയും കുടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. പിന്നീട് പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലില്‍വെച്ചും എറണാകുളത്ത് വെച്ചും പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button