ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; പൊലീസ് സേനയിലേത് ഉൾപ്പെടെയുള്ള ജോലികളിലേക്കുള്ള സെലക്ഷൻ മാനദണ്ഡങ്ങളിൽ മാറ്റം

തിരുവനന്തപുരം: ആഭ്യന്തരം, വനം – വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതത് വകുപ്പുകളിലെ വിശേഷാൽ ചട്ടങ്ങളിൽ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കിൽ ഭേദഗതി ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ദേശീയപാതാ പദ്ധതികൾ: ജിഎസ്ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി ഒഴിവാക്കും ഭാവിയിൽ ദേശീയ പാതാ അതോറിറ്റി കേരളത്തിൽ നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജിഎസ് ടി യിലെ സംസ്ഥാനവിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസനത്തിന് ദേശീയ പാത വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യമാണ് എന്നാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദമാക്കി. ഇത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രിക്കു സമർപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളിൽ വേണമെന്ന ആവശ്യം മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളിൽ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും അറിയിപ്പ് പറയുന്നു.
