മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്‍റെ ക്വട്ടേഷന്‍, ആറാം പ്രതി കൊണ്ടോട്ടിക്കാരൻ നേപ്പാളിലേക്ക് മുങ്ങി; അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാളെ പോലീസ് നേപ്പാളില്‍ നിന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും കേസിലെ ആറാം പ്രതിയുമായ മുഹമ്മദ് അഷ്ഫാഖി(27)നെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് സാഹസികമായി പിടികൂടിയത്. ബാലുശ്ശേരി സ്വദേശിയായ ലുഖ്മാനുല്‍ ഹക്കീമിന് നേരെയാണ് വധശ്രമമുണ്ടായത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുഖ്മാനുല്‍ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി, ലുഖ്മാനുല്‍ ഹക്കീമിനെ വകവരുത്താനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാ എന്നയാള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഈ സംഘം ലുഖ്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ-കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികളില്‍ ഒരാളായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേക്ക് കടന്നത്. ഇയാള്‍ നേപ്പാളില്‍ ഉണ്ടെന്ന് മലസ്സിലാക്കിയ അന്വേഷണ സംഘം അവിടേക്ക് തിരിക്കുകയായിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് സാഹസികമായി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
