അർധ സെഞ്ച്വറിയുമായി രചിനും ഋതുരാജും; മുംബൈക്കെതിരെ ചെന്നൈക്ക് അനായാസ ജയം

ചെന്നൈ: ക്ലാസിക് പോരിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. റണ്ണെടുക്കാൻ മറന്ന് ഉഴറിയ മുംബൈയെ അഞ്ചു പന്തുകൾ ബാക്കിനിർത്തിയാണ് ചെന്നൈ നാലുവിക്കറ്റ് ജയംപിടിച്ചത്. സ്കോർ- മുംബൈ ഇന്ത്യൻസ് 155/9, ചെന്നൈ 158/6. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ സൂപ്പർ കിങ്സിന് രചിൻ രവീന്ദ്രയുടെയും (65) ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദിന്റെയും (53) ഇന്നിങ്സാണ് നിർണായകമായത്. അനായാസ ജയത്തിലേക്ക് നീങ്ങവേ, രോഹിത് ശർമക്ക് പകരം ഇംപ്ലാക്ട് സബായി ഇറങ്ങിയ മലയാളി താരം വിഗ്നേഷ് പുത്തൂർ പ്രധാന താരങ്ങളെ പുറത്താക്കി മത്സരം ആവേശത്തിലാക്കിയെങ്കിലും ചെന്നൈ ജയിച്ചുകയറുകായിരുന്നു. വിഗ്നേഷ് അരങ്ങേറ്റത്തിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദിനെയും ശിവം ദുബെയെയും (9) ദീപക് ഹൂഡയെയും(3) പുറത്താക്കിയാണ് താരം വരവറിയിച്ചത്. സാം കറൻ നാല് റൺസുമായി പുറത്തായി. 20ാം ഓവറിലെ ആദ്യ പന്ത് ഗാലറിയിലെത്തിച്ച് വിജയമുറപ്പിച്ച രവീന്ദ്ര 65 റൺസ് നേടി. രവീന്ദ്ര ജഡേജ 17 റൺസെടുത്തു. രണ്ടു പന്തു നേരിട്ട ധോണി റണ്ണെടുക്കാതെ ക്രീസിൽ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തുടക്കം തൊട്ടേ തകർന്നെങ്കിലും അവസാനഘട്ടത്തിൽ പോരാടി ഒമ്പതിന് 155ലെത്തി. 25 പന്തിൽ 31 റൺസെടുത്ത തിലക് വർമയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 26 പന്തിൽ 29 റൺസ് ചേർത്തു. 15 പന്തിൽ 28 റൺസുമായി ദീപക് ചാഹാർ പുറത്താവാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലും ഖലീൽ അഹ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി. സൂപ്പർ ബാറ്റർ രോഹിതിനെ പൂജ്യത്തിൽ മടക്കി ഖലീൽ അഹമ്മദാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 13 റൺസെടുത്ത റിയാൻ റിക്കെൽട്ടനെയും വീഴ്ത്തി ഖലീൽ രണ്ടാമത്തെ പ്രഹരവും നൽകി. രവിചന്ദ്രൻ അശ്വിന്റെ പന്തിൽ വിൽജാക്സും വീണതോടെ മുംബൈ ആകെ പ്രതിരോധത്തിലായി. അപ്പോൾ സ്കോർ. 4.4 ഓവറിൽ മൂന്നിന് 36. തുടർന്ന് ക്രീസിൽ നിലയുറിപ്പിച്ച നായകൻ സൂര്യകുമാർ യാദവും (29) തിലക് വർമയും (31) ചേർന്ന് സ്കോർ നൂറിലേക്കെത്തിച്ചു. 15 പന്തിൽ പുറത്താകാതെ 28 റൺസെടുത്ത ദീപക് ചഹാറിന്റെ ചെറുത്ത് നിൽപ്പാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 17 റൺസെടുത്ത് നമൻധിറും 11 റൺസെടുത്ത് മിച്ചൽ സാന്ററും പുറത്തായി.
