നഴ്സിങ് കോളജ് റാഗിങ്; ഹോസ്റ്റലിലെ കൊടുംക്രൂരത; ജൂനിയര്‍ വിദ്യാര്‍ഥികളുടെ ശരീരത്തിൽ കുത്തി മുറിവാക്കി,വായിൽ ക്രീം തേച്ചു സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി, കോമ്പസ് കൊണ്ട് കുത്തിയെന്നും എഫ് ഐ ആര്‍


_കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയും കോമ്പസ് കൊണ്ട് കുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ആൻ്റി റാഗിങ് സെല്ലിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതികളായ അഞ്ച് പേരെയും പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു.
സാമുവൽ ജോൺസൺ , ജീവ , രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ്. കോളജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ക്രൂരമായ റാംഗിങ്ങിന് ഇരയായത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്.നഗ്നരാക്കി നിർത്തിയ ശേഷം വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി . കോമ്പസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവ് വരുത്തും. ഇതിന് ശേഷം ഈ മുറിവിൽ ലോഷൻ തേക്കുമെന്നും പരാതിയിൽ പറയുന്നു.ഇത് കൂടാതെ മുഖത്തും തലയിലും ക്രീം പുരട്ടും . ക്രൂരമായി ആക്രമിച്ച ശേഷം വായ പൊളിക്കുമ്പോൾ മുഖത്ത് തേക്കുന്ന ക്രീം അടക്കം വായിൽ കുത്തിക്കയറ്റുന്നതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ജൂനിിയർ വിദ്യാർഥികളിൽ നിന്നും 800 രൂപ വീതം പിരിവ് വാങ്ങി സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. കൂടുതൽ വിദ്യാർഥികൾ പരാതി നൽകാൻ സാധ്യതയുണ്ടെന്ന് ഗാന്ധിനഗർ പൊലീസ് വ്യക്തമാക്കി. പ്രതികളെ ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.