Sports

ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണു രാജസ്ഥാൻ; മുംബൈയ്ക്ക് തകർപ്പൻ ജയം

ജയ്പൂര്‍: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റൺസ് നേടാനേ സാധിച്ചുള്ളൂ. ട്രെൻഡ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹറും ഹാര്‍ദിക് പാണ്ഡ്യയും ഉൾപ്പെട്ട മുംബൈയുടെ പേസ് അറ്റാക്കിന് മുന്നിൽ രാജസ്ഥാന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു.  പവര്‍ പ്ലേയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായതാണ് രാജസ്ഥാന് തിരിച്ചടിയായത്. അവസാന മത്സരത്തിൽ സെഞ്ച്വറിയുമായി ഞെട്ടിച്ച 14കാരൻ വൈഭവ് സൂര്യവൻഷി നേരിട്ട രണ്ടാം പന്തിൽ തന്നെ റൺസ് നേടാനാകാതെ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ക്കും നിലയുറപ്പിക്കാനായില്ല. യശസ്വി ജയ്സ്വാൾ (13), നിതീഷ് റാണ (9), നായകൻ റിയാൻ പരാഗ് (16), ഷിമ്രോൺ ഹെറ്റ്മയര്‍ (0) എന്നിവര്‍ പവര്‍ പ്ലേയിൽ തന്നെ കൂടാരം കയറി. പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ രോഹിത് ശര്‍മ്മയെ തിരിച്ചുവിളിച്ച് കരൺ ശര്‍മ്മയെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയ നായകൻ ഹാര്‍ദിക് പാണ്ഡ്യയുടെ തന്ത്രം ഫലം കണ്ടു. ആദ്യ ഓവറിൽ തന്നെ ധ്രുവ് ജുറെലിനെ കരൺ ശര്‍മ്മ മടക്കിയയച്ചു. ഇതോടെ രാജസ്ഥാൻ (76/7) പരാജയം ഉറപ്പിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി.  വാലറ്റക്കാരായ മഹീഷ് തീക്ഷണയെയും കുമാർ കാർത്തികേയയെയും കരൺ ശർമ്മ പുറത്താക്കി. 27 പന്തിൽ 30 റൺസ് നേടിയ ജോഫ്ര ആർച്ചറിനെ പുറത്താക്കി ബോൾട്ട് രാജസ്ഥാന്റെ നെഞ്ചിലെ അവസാന ആണിയും അടിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button