രഞ്ജി ഫൈനല്‍: കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു, വിദര്‍ഭയ്ക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡില്ല. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379നെതിരെ മൂന്നാം ദിനം കേരളം 342ന് എല്ലാവരും പുറത്തായി. വിദര്‍ഭയ്ക്ക് 37 റണ്സിന്രെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. നാളെ വിദര്‍ഭ ബാറ്റിംഗിനെത്തും. സച്ചിന് ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്ശന് നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംപ്യന്മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല. മൂന്നിന് 131 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഇന്ന് സര്‍വാതെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. വ്യക്തിഗത സ്കോറിലേക്ക് 13 റണ്‍സ് കൂടി ചേര്‍ത്താണ് സര്‍വാതെ മടങ്ങുന്നത്. ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവാറിന് ക്യാച്ച് നല്‍കിയാണ് മടക്കം. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വൈകാതെ സച്ചിന് ബേബി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ സല്മാന് മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഹര്‍ഷ് ദുബയെുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും (34) അധികനേരം ക്രീസില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല. എന്നാല്‍ സച്ചിന് ബേബിയുടെ വിക്കറ്റാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയ്ക്കെതിരെ സിക്സടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം. അതുവരെ ശാന്തമായി കളിച്ച സച്ചിന് ബേബി 10 ബൗണ്ടറികള്‍ നേടിയിരുന്നു. പരിശീലനം പുനരാരംഭിച്ച് ജസ്പ്രിത് ബുമ്ര! വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് താരം ജലജ് സക്സേന (28), ഏദന്‍ ആപ്പിള്‍ ടോം (10) എന്നിവരുെട ശ്രമം അധികം നീണ്ടുപോയില്ല. എം ഡി നിധീഷാണ് (1) പുറത്തായ മറ്റൊരു താരം. എന്‍ ബേസില്‍ (0) പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ രോഹന് കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അഹമ്മദ് ഇമ്രാന്റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്ശന് നാല്‍ക്കണ്ഡെ മൂന്നും ഹര്‍ഷ് ദുബെ രണ്ടും വിക്കറ്റ് നേടി. കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ദര്ശന് നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന് കുന്നുമ്മല്‍ (0) ബൗള്‍ഡായി. തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയാണ് നാല്‍ക്കണ്ഡെ മടക്കിയത്. ഇതോടെ രണ്ടിന് 14 എന്ന നിലയിലേക്ക് വീണു കേരളം. എന്നാല്‍ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്കി. നേരത്തെ നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക് ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാകകുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്മാന് യാഷ് താക്കൂറിനെ ബേസില്‍ എല്‍ബിയിലും കുടുക്കി. യാഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി. പിന്നാലെ യഷ് റാത്തോഡിനെ (3*) ബേസിലും അക്ഷയ് കനെവാറിനെ(12) ജലജ് സസ്കേനയും പുറത്താക്കി. ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറെ(23) ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ വിദര്‍ഭ 335-9ലേക്ക് വീണെങ്കിലും പതിനൊന്നമനായി ക്രീസിലിറങ്ങിയ നചികേത് ഭൂതെ തകര്‍ത്തടിച്ചതോടെ വിദര്‍ഭ വിലപ്പെട്ട 44 റണ്‍സ് കൂടി അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 38 പന്തില്‍ 32 റണ്‍സെടുത്ത നചികേത് ഭൂതെ ഒരു ഫോറും രണ്ട് സിക്സും പറത്തി. ഒടുവില്‍ നചികേതിനെ പുറത്താക്കി എം ഡി നിധീഷാണ് വിദര്‍ഭയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
