രഞ്ജി ട്രോഫി: കേരളത്തിന്റെ ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടി; നാളെ അവസാന ദിനം ഗുജറാത്തിനെതിരെ ആവേശപ്പോരാട്ടം

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 28 റണ്‍സ് കൂടി മതി. 161 പന്തില്‍ 74 റണ്‍സുമായി ക്രീസിലുള്ള ജയ്മീത് പട്ടേലും 134 പന്തില്‍ 24 റണ്‍സുമായി പിന്തുണ നല്കിയ സിദ്ധാര്‍ത്ഥ ദേശാായിയും ചേര്‍ന്ന് പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 220 പന്തുകള്‍ അജിതീവിച്ച് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് കേരളത്തിന് തിരിച്ചടിയായത്. 357-7 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗുജറാത്തിനെ 429 റണ്‍സിലെത്തിച്ചു. കൂട്ടുകെട്ട് പൊളിക്കാന്‍ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി എല്ലാ തന്ത്രങ്ങളും പയറ്റിയെങ്കിലും പിച്ചില്‍ നിന്ന് സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്നത് തരിച്ചടിയായി. കേരളത്തിനായി ജലജ് സക്സേന നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ എന്‍ പി ബേസിലും, ആദിത്യ സര്‍വാതെയും എം ഡി നിധീഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അവസാന ദിനം തുടക്കത്തിലെ ജയ്മീത് പട്ടേല്‍-സിദ്ധാര്‍ത്ഥ ദേശായി കൂട്ടുകെട്ട് പൊളിച്ചാല്‍ മാത്രമെ ഇനി കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷയുള്ളു. നാലു ദിനം പൂര്‍ത്തിയായ മത്സരം സമനിലയാവുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവരായിരിക്കും ഫൈനലിലേക്ക് മുന്നേറുക. ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് മനന്‍ ഹിഗ്രജിയയുടെ (33) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത താരത്തെ ജലജ് സക്സേന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ പാഞ്ചലിനെ സക്സേന ബൗള്‍ഡാക്കി. സ്കോര്‍ബോര്‍ 300ലെത്തും മുമ്പ് ഉര്‍വില്‍ പട്ടേലും (26) മടങ്ങി. സക്സേനക്കെതിരെ ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് സ്റ്റംപ് ചെയ്ത് പുറത്താക്കി. സ്പിന്നര്‍ രവി ബിഷ്ണോയിയുടെ കണ്‍കഷന്‍ പകരക്കാരനായി ഇറങ്ങിയ ഹെമാങ് പട്ടേലിനെ (26) എം ഡി നീധീഷ് മടക്കി. അധികം വൈകാതെ ക്യാപ്റ്റൻ ചിന്തന്‍ ഗജ (2), വിശാല്‍ ജയ്സ്വാള്‍ (14) എന്നിവരും മടങ്ങിയതോടെ ഏഴിന് 357 എന്ന നിലയിൽ പതറിയ ഗുജറാത്തിന് ജയ്മീതിന്റെ ചെറുത്തുനില്‍പ്പ് തുണയായി.
