പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാൻ ആർബിഐ; തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ്

ദില്ലി: പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. ശക്തികാന്ത ദാസിൻ്റെ പിൻഗാമിയായി കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകൾ ആണ് പുറത്തിറക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര എന്താണ് പുതിയ നോട്ടിലെ മാറ്റങ്ങൾ? നിലവിലുള്ള നോട്ടിന്റെ തുടർച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയിൽ കൂടുതൽ നോട്ടുകൾ എത്തിച്ച് പണ വ്യവസ്ഥയുടെ തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് പുതിയ നോട്ടുകൾ ഇറക്കുന്നത്. മാത്രമല്ല, മുമ്പ് പുറത്തിറക്കിയ എല്ലാ 50 രൂപ നോട്ടുകളും ഇപ്പോഴും നിയമപരമായ കറൻസിയാണെന്നും സാധുതയുമുള്ളതായിരിക്കുമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. . സുരക്ഷ വർധിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി അവതരിപ്പിച്ച പുതിയ സീരിസ് നോട്ടുകളുടെ മാതൃകയിൽ തന്നെയായിരിക്കും ഈ നോട്ടുകളും ഉണ്ടാകുക. നോട്ടിൻ്റെ മുൻവശത്ത് മഹാത്മാഗാന്ധിയുടെ ഛായാചിത്രവും പിന്നിൽ സാംസ്കാരിക രൂപങ്ങളും നിലനിർത്തും. ആർബിഐ ഗവർണറുടെ ഒപ്പിൽ മാത്രമാണ് മാറ്റം വരിക. പുതിയ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പായിരിക്കും പുതിയ നോട്ടിൽ ഉണ്ടാകുക. മറ്റ് പരിഷ്കാരങ്ങളൊന്നും ആർബിഐ സ്ഥിരീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് 50 രൂപ നോട്ട് മാറ്റേണ്ടി വന്നത്? നോട്ടുകളിൽ ആർബിഐ ഗവർണറുടെ ഒപ്പ് മാറ്റുന്നത് ആർബിഐയുടെ പതിവ് നടപടി മാത്രമാണ്. പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ, ആർബിഐ പഴയ നോട്ടുകൾ പ്രചാരത്തിൽ തുടരാൻ അനുവദിക്കുകയും ഒപ്പം പുതിയ ഗവർണർ ഒപ്പിട്ട നോട്ടുകൾ ഇറക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഫ്ലൂറസെന്റ് നീല നിറത്തിലുള്ള 50 രൂപാ നോട്ടുകളിൽ ഊര്ജ്ജിത് പട്ടേലാണ് ആദ്യമായി ഒപ്പുവെച്ചിരിക്കുന്നത്. പിന്നീട വന്ന ഗവർണർമാരെല്ലാം ഒപ്പുകൾ പുതുക്കിയിട്ടിട്ടുണ്ട്.
