സെഞ്ച്വറിക്ക് പിന്നാലെ വൈഭവിനെ തേടി റെക്കോര്‍ഡുകള്‍! ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം

ജയ്പൂര്‍: രാജ്യാന്തര ട്വന്റി 20യിലെ പ്രായം കുറഞ്ഞ സെഞ്ച്വറി നേടി രാജസ്ഥാന് റോയല്‍സിന്റെ പതിനാലുകാരന് വൈഭവ് സൂര്യവംശി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വൈഭവിനെ തേടി നേട്ടമെത്തിയത്. 35 പന്തില്‍ നിന്ന് സെഞ്ച്വറി നേടി വൈഭവ് ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി. 38 പന്തില്‍ 101 റണ്‍സാണ് വൈഭവ് നേടിയത്. 11 സിക്സറും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. കൗമാര താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് ആര്‍മാദത്തിലാണ് ക്രിക്കറ്റ് ലോകം. പവര്‍പ്ലേയില്‍ എല്ലാ ബോളും തകര്ത്തടിക്കാനുറച്ചാണ് വൈഭവ് കളത്തിലെത്തിയത്. സീ ദ ബോള്‍, ഹിറ്റ് ദ ബോള്‍ എന്ന പവര്‍പ്ലേ തന്ത്രത്തിലൂന്നിയായിരുന്നു വൈഭവിന്റെ വെടിക്കെട്ട്. 17 പന്തില്‍ അര്‍ധസെഞ്ച്വറി. ഒടുവില്‍ തകര്‍പ്പന്‍ സിക്സോടെ 35 പന്തില്‍ സെഞ്ച്വറി. രാജ്യാന്തര ട്വന്റി 20യിലെ പ്രായം കുറഞ്ഞ സെഞ്ച്വറി നേട്ടക്കാരനായി വൈഭവ്. ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയാണ് വൈഭവ് നേടിയത്. ഈ ഐപിഎല്ലിലെ വേഗമേറിയ സെഞ്ച്വറി, ഐപിഎല്ലിലെ ഒരു ഇന്നിങ്സിലെ കൂടുതല്‍ സിക്സറുകള്‍ എന്നിങ്ങനെ നേട്ടങ്ങള്‍ നിരവധി വൈഭവിന് സ്വന്തം. ഐപിഎല്‍ കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ ശര്‍ദുല്‍ താക്കൂറിനെ സിക്സര്‍ പറത്തിയാണ് വൈഭവ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞ താരം സെഞ്ച്വറി നേടി പുറത്തായതിന് പിന്നാലെ വീണ്ടും കണ്ണീരണിഞ്ഞു. സന്തോഷത്തിന്റെ കണ്ണീര്. വൈഭവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് മുന്‍ താരങ്ങളും സോഷ്യല്‍മീഡിയയും. മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന് 15.5 ഓവറില്‍ മറികടന്നു. വൈഭവ് വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്. ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു. രണ്ടാം ഓവറില്‍ ജയ്സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്ലര് കൈവിട്ടു കളഞ്ഞതിന് വലിയ വിലയാണ് ഗുജറാത്തിന് നല്‍കേണ്ടി വന്നത്. ഇഷാന്ത് ശര്‍മ്മയ്ക്കെതിരെ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. 3.5 ഓവറില്‍ ടീം സ്കോര്‍ 50 കടന്നു. വെറും 17 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച വൈഭവിന് മുന്നില്‍ ഗുജറാത്ത് ബൗളര്‍മാര്‍ വിയര്‍ത്തു. 7.4 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. കരിം ജന്നത്ത് എറിഞ്ഞ 10-ാം ഓവറില്‍ 3 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 30 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാനെ അതിര്‍ത്തി കടത്തി വൈഭവ് സെഞ്ച്വറി തികച്ചു.
