ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് റീൽ ഷൂട്ട്, മരത്തിലിടിച്ച യുവതി തെറിച്ച് വീണു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് ബീച്ച് റോഡിൽ വീഡിയോ ചിത്രീകരണത്തിന് ഇടയിൽ ഉണ്ടായ അപ്രതീക്ഷിത വാഹന അപകടത്തിൽ 20 -കാരനായ യുവാവ് കൊല്ലപ്പെട്ടത്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ആളുകൾ ജാഗ്രത പാലിക്കുന്നില്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ഓരോ നിമിഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വർദ്ധിച്ചു വരുന്ന സമൂഹ മാധ്യമ ഭ്രമത്തിൽ സ്വന്തം സുരക്ഷയ്ക്ക് തെല്ലും വില കൽപ്പിക്കാതെയുള്ള വീഡിയോ ചിത്രീകരണങ്ങളും അതുമൂലം സംഭവിക്കുന്ന അപകടങ്ങളും അനുദിനം തുടരുകയാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് അത്യന്തം അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരണം നടത്തിയ യുവതി അപകടത്തിൽപ്പെട്ടു. ചൈനക്കാരിയായ യുവതി ശ്രീലങ്കൻ യാത്രക്കിടയിലാണ് സെൽഫി വീഡിയോ പകർത്തുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. ഒരു കയ്യിൽ ക്യാമറ പിടിച്ച് ട്രെയിനിന്‍റെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് തൂങ്ങി നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരുന്ന ട്രെയിന്‍റെ വാതില്‍ക്കല്‍ നിന്ന് കൊണ്ടായിരുന്നു ഇവരുടെ ഈ സാഹസം. പെട്ടെന്ന് പുറത്തേക്ക് തൂങ്ങി നിൽക്കുന്നതിനിടയിൽ ട്രാക്കിന് അരികിലായി ഉണ്ടായിരുന്ന ഒരു മരത്തിൽ തലയിടിച്ച് ട്രെയിൻ കമ്പനിയിൽ നിന്നും ഇവരുടെ പിടി വിട്ടു പോവുകയായിരുന്നു. സംഭവം കണ്ട യാത്രക്കാർ നിലവിളിക്കുന്നത് കേൾക്കാമെങ്കിലും വീഡിയോ അവിടെവച്ച് അവസാനിക്കുന്നു.
ഡെയ്‌ലി സ്റ്റാറിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തി ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി പരിക്കുകളോടെ യുവതിയെ കണ്ടെത്തി. ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണെങ്കിലും ഇവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘അടുത്ത സ്റ്റോപ്പിൽ ട്രെയിൻ നിർത്തിയതായി റിപ്പോർട്ടുണ്ട്. യാത്രക്കാർ അവളെ സഹായിക്കാൻ തിരികെ പോയി. സ്ത്രീക്ക് കാര്യമായ പരിക്കില്ല’ എന്ന കുറിപ്പോടെയാണ് ഭയാനകമായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.