കൊല്ലം: തിരുവോണ നാളിൽ കൊല്ലം മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂരിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ. ശ്രീക്കുട്ടി വിവാഹമോചിതയായതിന് ശേഷമാണ് അജ്മലിനെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയിലെ പ്രാക്ടീസിനിടെയാണ് പരിചയം. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെ താമസം. ഈ വീട്ടിൽ സ്ഥിരം മദ്യപാനം നടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് അജ്മൽ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലുമായിരുന്നുവെന്നാണ് പറയുന്നത്. അജ്മലിന് പിന്നാലെ, ശ്രീക്കുട്ടിയ്ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ശ്രീക്കുട്ടിയെ സ്വകാര്യ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. അജ്മലും സ്ഥിരം കുറ്റവാളിയായിരുന്നെന്ന് പൊലീസ് പറയുന്നു. ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അപകടമുണ്ടാക്കിയത്. മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, അപകടത്തിൽ നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. അപകടമുണ്ടാക്കിയശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറിൽ അമിതവേഗതയിൽ പോകുന്നതും കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്ന്ന് തടയുന്നതിന്റെയും ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങൾക്ക് ലഭിച്ചു. പ്രതികൾ മദ്യത്തിനൊപ്പം രാസലഹരിയും ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും. പ്രതികളുടെ രക്ത മൂത്ര സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Related Articles
ഇടുക്കിയിലെ രാജാക്കാട് 300 ഏക്കർ എസ്റ്റേറ്റ്, സ്റ്റോറിൽ റൂമിൽ നിന്ന് കവർന്നത് 52 കിലോ ഏലയ്ക്ക; രണ്ട് പേർ അറസ്റ്റിൽ
October 28, 2024
അയർലന്റിലും യുകെയിലും ജോലി, വമ്പൻ ശമ്പളം! എല്ലാം വിശ്വസിച്ചവരെ പറ്റിച്ച് മുകേഷ് തട്ടിയത് 1 കോടി! അറസ്റ്റിൽ
2 weeks ago
Check Also
Close