Kerala

മധുവിധു കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്ര, മരണം വീടിന് 7 കിലോമീറ്റർ അകലെവച്ച്, കണ്ണീർ കയത്തിൽ 2 കുടുംബങ്ങൾ

പത്തനംതിട്ട: ദീർഘദൂര യാത്രകളിൽ വീടുകൾക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിരം അപകട മേഖലയിൽ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ മലേഷ്യയിൽ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികൾ അടക്കമുള്ളവരാണ് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു,  നിഖില്‍, ബിജു പി ജോര്‍ജ്  എന്നിവരാണ് മരിച്ചത്. കാനഡയിൽ ജോലി ചെയ്തിരുന്ന നിഖിൽ അനുവിനെ ഒപ്പം കൊണ്ട് പോകാനുള്ള ശ്രമങ്ങൾക്കിടെയാണ് അപകടം. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് നവദമ്പതികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടയിലുണ്ടായ അപകടത്തിൽ അനുവിന്റെ പിതാവ് ബിജുവും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അടക്കമുള്ളവരാണ്  മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.  ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മല്ലശ്ശേരി സ്വദേശികൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു.  പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലുണ്ടായിരുന്നത്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. മരിച്ച മൂന്ന് പേരുടെ മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button