
തൃശ്ശുർ: ചാലക്കുടിയിൽ ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നടത്തിയ കൊള്ളയിലൂടെ തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചത്. സുഹൃത്തിൻ്റെ വീട്ടിൽ പ്രതിയെ എത്തിച്ച് പൊലീസ് ഈ തുക കണ്ടെടുത്തു. ബാങ്കിൽ നിന്നും കവർന്ന 15 ലക്ഷം രൂപയിൽ ഏറിയപങ്കും ബണ്ടിൽ പോലും പൊട്ടിക്കാത്ത നിലയിൽ റിജോയുടെ വീട്ടിൽ നിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു. കവർച്ചയിലൂടെ കിട്ടിയ പണത്തിൽ 294000 രൂപ സുഹൃത്തായ ബിനീഷിന് നൽകി എന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. റിജോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിജോ പണം തന്ന കാര്യം സുഹൃത്ത് തന്നെ നേരിട്ട് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ചാലക്കുടിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള അന്നനാട് എന്ന സ്ഥലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ റിജോയുമായെത്തി പോലീസ് ഈ പണം കണ്ടെടുത്തു. കവർച്ചയ്ക്കുശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആയി ഊടുവഴികളിലൂടെ നടത്തിയ യാത്രയുടെ വിശദാംശങ്ങളും തെളിവെടുപ്പിനിടെ റിജോ പോലീസിനോട് പറഞ്ഞു. ഫെഡറൽ ബാങ്കിൻറെ പോട്ട ശാഖയിൽ റിജോയെ എത്തിക്കുമ്പോൾ വലിയ ആൾക്കൂട്ടമാണ് തടിച്ചുകൂടിയത് . മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബാങ്കിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് റിജോ വിശദീകരിച്ചു . പിന്നീട് ചാലക്കുടി സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ആഡംബര ജീവിതത്തിനായി നടത്തിയ മോഷണമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. ഏറെ നാളത്തെ ആസൂത്രണത്തിനു ശേഷമുള്ള കുറ്റകൃത്യമാണ് നടന്നത് എന്ന് കാര്യവും കോടതിയിൽ പോലീസ് അറിയിച്ചു. റിജോ മാത്രമാണ് കേസിലെ ഏക പ്രതി എന്നതിനാൽ വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
