രൂപയുടെ മൂല്യം കുതിച്ചു, ഏഴ് മാസത്തിനിടെയുള്ള ഏറ്റവും ശക്തമായ പ്രകടനം; കാരണങ്ങൾ ഇവ


ദില്ലി: ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഉയർന്ന് യുഎസ് ഡോളറിനെതിരെ 84 കടന്നു. ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള ഡോളർ നിക്ഷേപത്തിലെ വർധനവ്, യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം എന്നിവയെല്ലാം രൂപയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. യുഎസ് ഡോളറിനെതിരെ 84.0987 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്, പിന്നീട് യുഎസ് ഡോളറിനെതിരെ 83.9075 എന്ന നിലയിലാണ് വ്യാപാരം നടന്നത്. 2024 ഒക്ടോബർ 1 ന് യുഎസ് ഡോളറിനെതിരെ 83.8213 എന്ന നിലയിലാണ് വ്യാപാരം നടന്നതെങ്കിൽ, അതിനു ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ രൂപ 84 ന് താഴെ വ്യാപാരം നടത്തുന്നത്. ഇന്ത്യൻ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള നിക്ഷേപം വർദ്ധിച്ചതും, താരിഫുകളെക്കുറിച്ചുള്ള ഇന്ത്യയും യുഎസും തമ്മിലുള്ള ചർച്ചകളും ഇന്ത്യൻ രൂപയ്ക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നുണ്ടെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു. വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായി 11 സെഷനുകളിൽ ഇന്ത്യൻ ഓഹരികൾ വാങ്ങി, രണ്ട് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നിക്ഷേപപ്രവാഹമാണിത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ആഴ്ച ഇന്ത്യ-യുഎസ് വ്യാപാര കരാർ നടക്കുമെന്ന അഭ്യൂഹങ്ങളും ചൈന യുഎസുമായി വ്യാപാര ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചതും രൂപയ്ക്ക് ഗുണകരമായിട്ടുണ്ട്. അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നില നിൽക്കുന്നത് രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും പരസ്പരമുള്ള നീക്കങ്ങൾ രണ്ടുരാജ്യങ്ങളിലെ കറൻസികൾക്കുള്ള സമ്മർദ്ദം വർധിപ്പിക്കുന്നുണ്ട്.