പോയിന്റ് പട്ടികയില്‍ കുതിച്ചുചാടി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്! മുംബൈയും ചെന്നൈയും പിന്നില്‍

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ ഏഴാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍ റോയല്‍സ്. രണ്ട് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. നാല് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച രാജസ്ഥാന് നാല് പോയിന്റാണുള്ളത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരെ പിന്തള്ളിയാണ് രാജസ്ഥാന്‍ ഏഴാം സ്ഥാനത്തെത്തിയത്. ഇന്ന് ഡല്‍ഹി കാപിറ്റില്‍സിനെതിരായ തോല്‍വി ചെന്നൈക്ക് തിരിച്ചടിയായി. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്താണ്. മുംബൈ എട്ടാം സ്ഥാനത്തുണ്ട്. അവര്‍ക്കും നാല് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്. മൂന്നില്‍ മൂന്ന് മത്സരവും ജയിച്ച ഡല്‍ഹി കാപിറ്റല്‍സാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ നാല് പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്‌സും. മൂന്ന് ടീമിനും നാല് പോയിന്റാണുള്ളത്. മൂവരും മൂന്ന് മത്സരം മാത്രമാണ് പൂര്‍ത്തിയാക്കിയത്. നാളെ നാലാം മത്സരത്തിന് ഇറങ്ങും. നാല് മത്സരങ്ങളില്‍ നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചാം സ്ഥാനത്തുണ്ട്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാമതും. ഇന്ന് പഞ്ചാബിനെതിരെ 50 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാള്‍ (45 പന്തില്‍ 67), റിയാന്‍ പരാഗ് (25 പന്തില്‍ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (26 പന്തില്‍ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ 62 റണ്‍സെടുത്ത നെഹല്‍ വധേരയാണ് ടോപ് സ്‌കോറര്‍. ജോഫ്ര ആര്‍ച്ചര്‍ മൂന്നും സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
