Sports

പാകിസ്ഥാനെതിരെ മത്സരം വരുന്നുണ്ടെന്ന് പറയൂ, അവന്‍ ഫോമിലെത്തും’; കോലിയെ പിന്തുണച്ച് അക്തര്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ സീനിയര്‍ താരം വിരാട് കോലിയെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിയിലൂടെ കോലിക്ക് ഫോമിലേക്ക് തിരിച്ചെത്താനാവുമെന്നാണ് അക്തര്‍ പറയുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നീട് 23ന് പാകിസ്ഥാനെതിരേയും ഇന്ത്യ കളിക്കും. കോലിയെ കുറിച്ച് അക്തര്‍ പറയുന്നതിങ്ങനെ… ”വിരാട് കോലി ഫോമില്‍ തിരിച്ചെത്തണമെങ്കില്‍ അവനോട് പറയൂ, പാകിസ്ഥാനെതിരെ ഒരു മത്സരം ഉണ്ടെന്ന്. അത്രമാത്രം മതി, കോലി ഫോമിലേക്ക് തിരിച്ചെത്തും.അത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. മെല്‍ബണില്‍ കോലി ഗംഭീര ഇന്നിംഗ്‌സ് കളിച്ചിരുന്നു.” അക്തര്‍ പറഞ്ഞു. ഏറ്റവും ഇഷ്ടമുള്ള ടീമിനെ കുറിച്ചും അക്തര്‍ സംസാരിച്ചു. ”ഇന്ത്യയും പാകിസ്ഥാനും എനിക്ക് പ്രിയപ്പെട്ടതാണ്. ചാംപ്യന്‍സ് ട്രോഫിയിലേത് ഒരു ഗംഭീര മത്സരമായിരിക്കും. ഉയര്‍ന്ന സ്‌കോര്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.” മുന്‍ പേസര്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യയ്ക്കായി കോലി റണ്‍സ് സ്‌കോര്‍ ചെയ്യുന്നതും, പാകിസ്ഥാന് വേണ്ടി ബാബര്‍ അസം റണ്‍സ് കണ്ടെത്തുന്നതും ഷഹീനും നസീമും ജസ്പ്രീത് ബുമ്രയും വിക്കറ്റുകളെടുക്കുമെന്നും കരുതാം.. സയിം അയൂബ് ഇപ്പോള്‍ പുറത്താണ്. അവന്റെ അവസ്ഥ എന്താണെന്ന് വ്യക്തമായിട്ടില്ല. സെയിമിനൊപ്പം ഫഖര്‍ സമാനും ഓപ്പണ്‍ ചെയ്താല്‍ പാകിസ്ഥാന് ഗുണം ചെയ്യും.” അക്തര്‍ കൂട്ടിചേര്‍ത്തു.  1996 ലോകകപ്പിന് സംയുക്ത വേദിയൊരുക്കിയതിന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ അവരുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കും, ബാക്കി മത്സരങ്ങള്‍ ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ നടക്കും. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഐസിസി ഏകദിന ഇന്ത്യക്ക് പാകിസ്ഥാന് മേല്‍ വലിയ ആധിപത്യമുണ്ട്. എന്നിരുന്നാലും, 2017ല്‍ ഓവലില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button