
ബെലഗാവി: ആദ്യ വിവാഹത്തിലെ കുട്ടികളുമായി രണ്ടാം ഭാര്യയുടെ മകൻ സ്ഥിരം കലഹം. ഏഴ് വയസുകാരനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഹക്കേരി താലൂക്കിലെ സുൽത്താൻപൂർ സ്വദേശിയായ ഏഴ് വയസുകാരനെയാണ് രണ്ടാനച്ഛൻ വീട്ടിലെ കലഹം ഒഴിവാക്കാനായി വിറ്റത്. സംഭവത്തിൽ രണ്ടാനച്ഛൻ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരന്റെ രണ്ടാനച്ഛനായ സദാശിവ് ശിവബസപ്പ മഗ്ദൂം(32), ഭാഡ്ഗോൺ സ്വദേശിനിയായ 38കാരി ലക്ഷ്മി ബാബു ഗോൽഭാവി, കോലാപൂർ സ്വദേശിനിയായ സംഗീത വിഷ്ണു സാവന്ത്, കാർവാർ സ്വദേശിയായ അനസൂയ ഗിരിമല്ലപ്പ ഡോഡ്മണി എന്നിവരാണ് അറസ്റ്റിലായത്. ബെലഗാവി നഗരത്തിൽ താമസിക്കുന്ന ദിൽഷാദ് സിക്കൻദർ എന്നയാൾക്കാണ് ഇവർ കുട്ടിയെ വിറ്റത്. രണ്ട് പെൺമക്കളുള്ള ദിൽഷാദിനെ അനാഥക്കുട്ടി എന്നു പറഞ്ഞാണ് സംഘം വിറ്റത്. ഏഴ് വയസുകാരന്റെ അമ്മ സംഗീത ഗുഡപ്പ കമ്മാറിനെ നാല് മാസം മുൻപാണ് 32കാരൻ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തിൽ 32കാരനുള്ള കുട്ടികളും സംഗീതയുടെ ആദ്യ വിവാഹത്തിലുള്ള ഏഴു വയസുകാരനും തമ്മിൽ കലഹം പതിവായിരുന്നു. ഇതോടെയാണ് ശല്യമൊഴിവാക്കാനായി 32കാരൻ കുട്ടിയെ ചില സഹായികളുടെ സഹാത്തോടെ വിറ്റത്. ‘മസ്തകത്തിൽ ത്രികോണാകൃതിയിൽ മുറിവ്’, അതിരപ്പിള്ളിയില്‍ മറ്റൊരു കാട്ടാനയ്ക്ക് കൂടി പരിക്കുണ്ടെന്ന് വിവരം രണ്ടാനച്ഛനോടൊപ്പം പുറത്ത് പോയ മകനെ കാണാനില്ലെന്ന് വ്യക്തമാക്കി കുട്ടിയുടെ അമ്മ പരാതി നൽകിയതോടെയാണ് ഗൂഡാലോചന പുറത്ത് വന്നത്. കുട്ടിയെ ബെയ്ൽഹോംഗൽ ഗ്രാമത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ബെലഗാവിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കുട്ടിയെ കാണാതായ സംഭവമാണ് ഇത്.
